താമസരേഖയും മറ്റും ശരിയാകാതെ നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയെ തുടർന്ന് അബഹ ലേബർ ഓഫീസിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചുവെങ്കിലും അതിനും കഴിഞ്ഞില്ല. 

റിയാദ്: ഒമ്പത് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായിരുന്ന മലയാളിയായ പ്രവാസി സുമനസുകളുടെ കാരുണ്യത്താൽ നാടണഞ്ഞു. തിരുവനന്തപുരം നെടുങ്ങാട് സ്വദേശി ബാബു വർഗീസ് ആണ് പ്രവാസി സുഹൃത്തുക്കളുടെയും സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെയും സഹായത്താൽ നാട്ടിലെത്തിയത്. വർഷങ്ങളായി വർഗീസിന്റെ താമസരേഖയുടെ (ഇഖാമ) കാലാവധി കഴിഞ്ഞിരുന്നു ഒരു വർഷത്തിലേറെയായി ജോലിചെയ്യാൻ കഴിയാത്തവിധം കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ട ഇദ്ദേഹം നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. 

താമസരേഖയും മറ്റും ശരിയാകാതെ നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയെ തുടർന്ന് അബഹ ലേബർ ഓഫീസിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചുവെങ്കിലും അതിനും കഴിഞ്ഞില്ല. താൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ രേഖകൾ ലേബർ ഓഫീസിന്റെ സിസ്റ്റത്തിൽ നിന്നും നീക്കം ചെയ്തതുകാരണം, റിയാദിലെ ലേബർ ഓഫീസ് ആസ്ഥാനത്തു നിന്നും പ്രത്യേക അനുമതിക്കായി നടത്തിയ പരിശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഖമീസ് മുശൈത്തിലെ പ്രവാസി സുഹൃത്തുകളുടെ സമയോചിതമായ ഇടപെടലാണ് പിന്നീട് വർഗീസിന് തുണയായത്. 

നിർമ്മാണ തൊഴിലാളിയായി സൗദിയിലെത്തിയ ഇദ്ദേഹം കഴിഞ്ഞ കുറേ മാസങ്ങളായി സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ജീവിച്ചുപോന്നത്. റിയാദ് എംബസിയിലും, ജിദ്ദ കോൺസുലേറ്റിലും എക്സിറ്റ് വിസക്ക് വേണ്ടി രജിസ്റ്റർ ചെയ്തുവെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. പരസഹായം കൂടാതെ നടക്കാൻ കഴിയാത്തവിധം കാഴ്ച ശക്തി നഷ്ടമായ ബാബുവിന്റെ അവസ്ഥ സുഹൃത്തുക്കളായ ഇബ്രാഹിം, റെജി, അക്ബർ, ശിവരാജൻ, സാം, ബാലൻ, അനിൽ തുടങ്ങിയവരാണ് ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ പ്രയിഡന്റ് അഷ്റഫ് കുറ്റിച്ചലിന്റെ ശ്രദ്ധയിൽ പെടുത്തിയത്. 

തുടർന്നു ബാബുവിന്റെ നിസ്സഹായാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി പ്രത്യേക അനുമതിയോടെണ് അഷ്റഫ് അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി എക്സിറ്റ് വിസ തരപ്പെടുത്തിയത്. ബാബുവിന് നാട്ടിലെ ചികിത്സക്കായി സാമ്പത്തിക സഹായവും ഖമീസിലെ പ്രവാസികളിൽ നിന്നും സുഹൃത്തുക്കൾ സ്വരൂപിച്ച് നൽകി. അൻസാരി കുറ്റിച്ചൽ, റഫീഖ്, അഷ്റഫ് കുറ്റിച്ചൽ, റെജി, മുജീബ് എള്ളുവിള തുടങ്ങിയവർ ടിക്കറ്റും മറ്റു യാത്രാ രേഖകളും വർഗീസിന് കൈമാറി. 

ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ കമ്മറ്റിയാണ് അബ്ഹയിൽ നിന്നും ഷാർജ വഴി തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് വർഗീസിന് നൽകിയത്. തന്നെ വിവിധ രീതിയിൽ സഹായിച്ച പ്രവാസി സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് എയർ അറേബ്യ വിമാനത്തിൽ കഴിഞ്ഞ ദിവസം ബാബു വർഗീസ് നാട്ടിലെത്തി.

Read also:  ഒരാഴ്ചയ്ക്കിടെ പരിശോധനകളില്‍ പിടിയിലായത് 11,549 പ്രവാസികള്‍; രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിശോധന