1979 മുതൽ പ്രവാസിയായിരുന്ന ഇദ്ദേഹം 2008-ൽ നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് പിന്നീട് കുടുംബവുമായി ബന്ധമില്ലാതെ കാലങ്ങൾ കടന്നുപോവുകയായിരുന്നു. ഈ കാലങ്ങളിലെല്ലാം ബന്ധുക്കൾ ഇദ്ദേഹത്തെ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല.
റിയാദ്: ഒന്നര പതിറ്റാണ്ടത്തെ നാടണയാനുള്ള മോഹം ബാക്കിയാക്കി വേണുഗോപാല പിള്ള മരണത്തിന് കീഴടങ്ങി. പത്തനംത്തിട്ട കോഴഞ്ചേരി സ്വദേശി മേലെ വീട്ടിൽ വേണുഗോപാല പിള്ള എന്ന ഈ 68-കാരൻ റിയാദിലെ കിങ് ഫഹദ് ആശുപത്രിയിലാണ് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
1979 മുതൽ പ്രവാസിയായിരുന്ന ഇദ്ദേഹം 2008-ൽ നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് പിന്നീട് കുടുംബവുമായി ബന്ധമില്ലാതെ കാലങ്ങൾ കടന്നുപോവുകയായിരുന്നു. ഈ കാലങ്ങളിലെല്ലാം ബന്ധുക്കൾ ഇദ്ദേഹത്തെ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. 2019-ൽ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയും കുടുംബം അന്വേഷണം നടത്തി, അതും ഫലം കണ്ടില്ല.
തുടർന്ന് ഇവരുടെ ബന്ധുവും റിയാദിലെ സാമുഹിക പ്രവർത്തകയുമായ വല്ലി ജോസ് നടത്തിയ അന്വേഷണത്തിൽ റിയാദിലെ ഖാദിസിയ മഹ്റദിൽ ജോലി ചെയ്യുന്നുവെന്ന് മനസിലാക്കി ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ നിങ്ങൾ അന്വേഷിക്കുന്നയാൾ താനല്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെ തെരച്ചിൽ ഉപേക്ഷിച്ചു.
പിന്നീട് വാർദ്ധക്യസഹചമായ അസുഖത്തോടൊപ്പം ഉദരാർബുദവും പിടികൂടി അവശനായപ്പോൾ കഴിഞ്ഞ വർഷം ഡിസംബറിൽ അദ്ദേഹത്തിന്റെ സ്‍പോൺസർ, വല്ലി ജോസിനെ ബന്ധപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഇതിനിടയിൽ ഒരു ശസ്ത്രക്രിയയും കഴിഞ്ഞു. തുടർന്ന് നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ പാസ്‍പോര്‍ട്ടിന്റെയും വിസയുടെയും കാലാവധി കഴിഞ്ഞതിനാൽ തടസപ്പെട്ടു. ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി വെൽഫെയർ കോൺസലർ എം.ആർ. സജീവിന്റെ ഇടപെടൽ രേഖകൾ ലഭ്യമാക്കാൻ സഹായിച്ചു. നാട്ടിൽ തുടർ ചികിത്സക്ക് സൗകര്യമൊരുക്കി യാത്രക്കൊരുങ്ങിയപ്പോഴേക്ക് രോഗം മൂർഛിച്ച് വീണ്ടും ആശുപത്രിയിലായി.
മൂന്ന് ശസ്ത്രക്രിയകളും കഴിഞ്ഞു. 10 ലക്ഷത്തോളം റിയാലിന്റെ ചികിത്സയാണ് കഴിഞ്ഞ മാസങ്ങളിൽ കിങ് ഫഹദ് ആശുപത്രിയിൽ നടത്തിയത്. അതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. അജിത പിള്ളയാണ് ഭാര്യ. മക്കൾ: ബിനു പിള്ള, ജിഷ്ണുപിള്ള. ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ റിയാദിലെ ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കോട്ടുകാട്, നിഹ്മത്തുല്ല, വല്ലി ജോസും എന്നിവർ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Read also: കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
