Asianet News MalayalamAsianet News Malayalam

25 വര്‍ഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസി മലയാളി ഒടുവില്‍ നാടണഞ്ഞു

അനധികൃത താമസക്കാര്‍ക്ക് വേണ്ടി ഒമാനിൽ പല വട്ടം പൊതു മാപ്പ് പ്രഖ്യാപിച്ച ഘട്ടങ്ങളിലൊന്നും നാട്ടിൽ പോകാതെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്‌ കുടുംബത്തിന്റെ പ്രാരാബ്ധങ്ങളായിരുന്നു. 

malayali expat who was unable to go home for 25 years returned back today
Author
First Published Jan 18, 2023, 3:28 PM IST

മസ്കറ്റ്: 25 വര്‍ഷമായി നാട്ടിൽ പോകാൻ കഴിയാതെ ഒമാനിൽ കുടുങ്ങിയ പ്രവാസി നാടണഞ്ഞു. തൃശൂർ കേച്ചേരി സ്വദേശി  അത്താണിക്കൽ ഗോപി രാമൻ ആണ് എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ ഇന്ന് നാട്ടില്‍ തിരിച്ചെത്തിയത്. 1984ൽ ഒമാനിലെത്തിയ അദ്ദേഹത്തിന് ചില അപ്രതീക്ഷിത കാരണങ്ങളാൽ 1998ന് ശേഷം വിസ പുതുക്കാൻ കഴിഞ്ഞിരുന്നില്ല. 

അനധികൃത താമസക്കാര്‍ക്ക് വേണ്ടി ഒമാനിൽ പല വട്ടം പൊതു മാപ്പ് പ്രഖ്യാപിച്ച ഘട്ടങ്ങളിലൊന്നും നാട്ടിൽ പോകാതെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്‌ കുടുംബത്തിന്റെ പ്രാരാബ്ധങ്ങളായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ശർഖിയ ഗവര്‍ണറേറ്റിലെ ഇബ്രയിൽ  അൽ ജെർദ്ദ എന്ന സ്ഥലത്തു വെച്ച് അധികൃതരുടെ പരിശോധനയിൽ ഗോപി രാമൻ പിടിക്കപ്പെടുകയും പോലീസിന്റെ കസ്റ്റഡിയിലാകുകയും ചെയ്തു.

തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസാണ് ഇന്ത്യൻ എംബസിയിൽ വിവരം നൽകിയത്. തുടർന്ന് ഇബ്രയിലെ കൈരളി പ്രവർത്തകനായ പ്രകാശ് തടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ  നിരന്തര ഇടപെടലിലൂടെയും ഇന്ത്യൻ  എംബസിയുടെ സഹായത്തോടെയുമാണ് ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ അറുപത്തിരണ്ടുകാരനായ ഗോപി രാമനെ നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത്. കടുത്ത രോഗാവസ്ഥയിലായിരുന്ന ഗോപി രാമന് പൊലീസ്  കസ്റ്റഡിയിൽ വെച്ച്  നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സക്കായി അധികൃതര്‍ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‍തിരുന്നു.

തക്ക സമയത്ത് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിലും നാട്ടിലേക്കുള്ള മടക്ക യാത്രക്കുള്ള തടസ്സങ്ങൾ നീക്കുന്നതിലും റോയൽ ഒമാൻ പൊലീസിന്റെയും, ഒമാന്‍ കുടിയേറ്റ വിഭാഗത്തിന്റെയും തൊഴിൽ വകുപ്പ്  ഉദ്യോഗസ്ഥരുടെയും ഒപ്പം മസ്കറ്റ് ഇന്ത്യൻ എംബസിയിൽ നിന്നും ലഭിച്ച സഹായ സഹകരണങ്ങളുമാണ്  ഗോപി  രാമന്റെ  നാട്ടിലേക്കുള്ള  മടക്ക യാത്ര വേഗത്തിലാക്കിയതെന്ന്  പ്രകാശ് തടത്തിൽ പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസത്തോളം നീണ്ടു നിന്ന  കൂട്ടായ പ്രവർത്തനം ഫലം കണ്ടതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഒമാനിലെ കൈരളി  നേതൃത്വം.

Read also:  12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു

Follow Us:
Download App:
  • android
  • ios