17 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തുവരുന്ന സുമേഷ്, ഒരു സ്വകാര്യ കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായിരുന്നു. മസ്‍തിഷ്‍കാഘാത്തെ തുടര്‍ന്ന് പത്ത് ദിവസമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്നു.

ദോഹ: മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ (Qatar) ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍, മട്ടന്നൂര്‍ പനയത്താംപറമ്പ് എല്‍.പി സ്‍കൂളിന് സമീപം പരേതനായ സി.പി കുഞ്ഞിരാമന്റെയും കെ നാരായണിയുടെയും മകന്‍ സുമേഷ് കാവുങ്കല്‍ (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

17 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തുവരുന്ന സുമേഷ്, ഒരു സ്വകാര്യ കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായിരുന്നു. മസ്‍തിഷ്‍കാഘാത്തെ തുടര്‍ന്ന് പത്ത് ദിവസമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്നു. ഭാര്യ - സന്ധ്യ. മക്കൾ - ആദി ദേവ്, ആയുഷ്‌ ദേവ്‌ ഇരുവരും വിദ്യാർത്ഥികൾ (കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ - സജീവൻ (ഡ്രൈവർ), സുഷമ (ഏച്ചൂർ), സജിഷ (തലമുണ്ട), സബി രാജ് (ഗൾഫ്). നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക്​ കൊണ്ടുപോയി.

ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
അല്‍ഐന്‍: മലയാളി യുവാവ് യുഎഇയില്‍ (UAE) നിര്യാതനായി. തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശിയായ വള്ളിയേങ്ങല്‍ മുഹമ്മദ് ലുഖ്‍മാന്‍ (31) ആണ് അല്‍ ഐനില്‍ മരിച്ചത്. മൂന്ന് ദിവസം മുമ്പ് ജോലിയ്‍ക്കിടെ വീണ് അദ്ദേഹത്തിന് തലയ്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അല്‍ ഐന്‍ തവാം ഹോസ്‍പിറ്റലില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

ഭാര്യ - ഫര്‍സാന. ഏക മകന്‍ - ഫൈസാന്‍. പിതാവ് - മുസ്‍തഫ വള്ളിയേങ്ങല്‍. മാതാവ് - പാത്തുമ്മു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: റിയാദ് (Riyadh) നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ അല്‍-ഗാത്ത് പട്ടണത്തില്‍ മലയാളി (Keralite) ഹൃദയാഘാതം (heart attack) മൂലം മരിച്ചു. മലപ്പുറം മൂന്നിയൂര്‍ മുട്ടിച്ചിറ കലംകുള്ളിയാല സ്വദേശി മണിയംപറമ്പത്ത് കാളങ്ങാടന്‍ റഫീഖ് (53) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് അല്‍-ഗാത്ത് മഖ്ബറയില്‍ ഖബറടക്കി. പിതാവ്: പരേതനായ മമ്മാലി, മാതാവ്: പരേതയായ പാത്തുമ്മകുട്ടി. ഭാര്യ: മൈമൂനത്ത്, മക്കള്‍: സഫ്‌ന, മുഹമ്മദ് സവാദ്, മുഹമ്മദ് ഷഫീഖ്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകരും ഷെബീറലി വള്ളിക്കുന്ന്, ഇസ്മാഈല്‍ പടിക്കല്‍, അന്‍സാര്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.

മകന്റെ വിസ പുതുക്കാന്‍ വ്യാജ രേഖയുണ്ടാക്കിയ പ്രവാസി കുടുങ്ങി
ദുബൈ: മകന്റെ താമസ വിസ പുതുക്കുന്നതിനായി (Residence visa renewal) വ്യാജ രേഖയുണ്ടാക്കിയ പ്രവാസി കുടുങ്ങി (Forgery). 45 വയസുകാരനായ ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal Court) മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. വ്യാജമായി ഉണ്ടാക്കിയ വാടക കരാറിന്റെ (lease contract) കോപ്പിയാണ് ഇയാള്‍ വിസ പുതുക്കുന്നതിനായി സമര്‍പ്പിച്ചത്.

അതേസമയം മകന്റെ വിസ പുതുക്കുന്നതിനായി താന്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷനും പൊലീസും നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. മകന്റെ ഒറിജിനല്‍ പാസ്‍പോര്‍ട്ടും തന്റെ ഐ.ഡി കാര്‍ഡിന്റെ കോപ്പിയും മറ്റ് രേഖകളും പണവും ഇയാളെ ഏല്‍പ്പിച്ചിരുന്നു എന്നാണ് മൊഴി. എന്നാല്‍ അപേക്ഷയോടൊപ്പം നല്‍കിയ രേഖകളില്‍ ചേര്‍ത്തിരുന്ന വാടക കരാര്‍ വ്യാജമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അത് താന്‍ ഉണ്ടാക്കിയതെല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിസ പുതുക്കുന്നതിന് വാടക കരാര്‍ ആവശ്യമാണെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഷാര്‍ജയിലായിരുന്നു താമസിച്ചിരുന്നതെങ്കിലും വിസ പുതുക്കാനായി ഹാജരാക്കിയ രേഖയില്‍ അജ്‍മാനിലെ വാടക കരാറാണ് ചേര്‍ത്തിന്നത്. വിസ പുതുക്കാന്‍ താന്‍ ഏല്‍പ്പിച്ച വ്യക്തി എന്തിന് വ്യാജ രേഖയുണ്ടാക്കി എന്ന കാര്യം അറിയില്ലെന്നായിരുന്നു പ്രതിയുടെ വാദം.

അതേസമയം അജ്ഞാതനായ ഒരു വ്യക്തിയാണ് കുറ്റം ചെയ്‍തതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാജ രേഖയുണ്ടാക്കിയത് പ്രതിക്ക് പ്രയോജനം ഉണ്ടാകാന്‍ വേണ്ടിയാണ്. അതിനാവശ്യമായ വിവരങ്ങള്‍ നല്‍കാതെ അത്തരമൊരു രേഖ ഉണ്ടാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ വ്യാജ രേഖയുണ്ടാക്കിയത് പ്രതിയുടെ പൂര്‍ണ അറിവേടെയായിരുന്നുവെന്നും ഇപ്പോള്‍ അത് നിഷേധിക്കുകയാണെന്നും കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ യുഎഇയില്‍ നിന്ന് നാടുകടത്തും.