ഒരു മാസം മുമ്പാണ് അവധിക്ക് കുടുംബസമേതം നാട്ടിൽ പോയി. റിയാദിലേക്ക് തിരികെ വരാനിരിക്കെ വേദനയായി പ്രവാസി മലയാളിയുടെ ആകസ്മിക മരണം. 

റിയാദ്: പ്രവാസി സംരംഭകനും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം മഞ്ചേരി കാരകുന്ന് സ്വദേശി സഫീർ (39) നാട്ടിൽ നിര്യാതനായി. പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് അവധിക്ക് കുടുംബസമേതം നാട്ടിലെത്തിയത്. അടുത്ത ദിവസം റിയാദിലേക്ക് തിരിച്ചു പോകാനിരുന്നതാണ്.

നേരത്തെ ബത്ഹയിലെ ഷിഫാ അൽ ജസീറ പോളിക്ലിനിക്കിലെ ജീവനക്കാരനായിരുന്ന സഫീർ അതിന് ശേഷം സ്വന്തമായി ബിസിനസ് ആരംഭിക്കുകയായിരുന്നു. സഊദിയിൽ ഇൻവെസ്റ്ററായ അദ്ദേഹം ബിസിനസ് രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ചെറുകിട സംരംഭകനാണ്. ബിസിനസ് രംഗത്ത് പുതിയ മേഖലകൾ തേടിയുള്ള പ്രവർത്തനങ്ങളിലായിരുന്നു. സാമൂഹ്യ പ്രവർത്തന രംഗത്തും സാന്നിധ്യമറിയിച്ച സഫീർ കെ.എം.സി.സി പ്രവർത്തകന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. ഭാര്യ :നിഷിദ, മക്കൾ: ഹൈറ മർയം, ഇവാൻ. ഖബറടക്കം ഇന്ന് (വ്യാഴം) വൈകീട്ട് 5 മണിക്ക് കാരക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

സഫീറിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് റിയാദിലെ സുഹൃത്തുക്കളും പ്രവാസി സമൂഹവും. കെഎംസിസി പ്രവർത്തന രംഗത്ത് സജീവമായിരുന്ന സഫീറിന്റെ നിര്യാണത്തിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവർ അനുശോചിച്ചു.