Asianet News MalayalamAsianet News Malayalam

വീടും സ്ഥലവും വില്‍ക്കാന്‍ സര്‍ക്കാറിന്റെ കനിവ് തേടി പ്രവാസിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക് മുന്നില്‍ ജീവിതം അവസാനിപ്പിച്ച പ്രവാസികളായ രാജനും സുഗതനും സ്വീകരിച്ച വഴി മതവിശ്വാസിയായ തനിക്ക് സ്വീകരിക്കാന്‍ പറ്റാത്തത് കൊണ്ടുമാത്രം ആത്മഹത്യ ചെയ്തില്ലെന്നാണ് നൗഷാദ് തന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നത്. 17 വര്‍ഷമായി പ്രവാസിയായ താന്‍ രണ്ട് വര്‍ഷം പോലും ഇക്കാലയളവില്‍ സ്വന്തം കുടുംബത്തിനൊപ്പം ജീവിച്ചിട്ടില്ല. 

malayali expatriate facebook post requesting cm for assistance to sell his house and land
Author
Thaliparamba, First Published Jun 25, 2019, 3:37 PM IST

കണ്ണൂര്‍: പണം കൊടുത്ത് വാങ്ങിയ സ്ഥലം വിറ്റ് കടം തീര്‍ക്കാന്‍ പോലുമാവാതെ ദുരിതത്തിലായ പ്രവാസി സര്‍ക്കാറിന്റെ കനിവ് തേടുന്നു. 18 വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലത്തിന് രേഖകള്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്നാണ് കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി നൗഷാദ് ഫേസ്‍ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നത്. സൗദിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടമാകുമെന്ന് വന്നപ്പോഴാണ് നാട്ടിലും ഗള്‍ഫിലുമുള്ള പലരില്‍ നിന്നും ലക്ഷങ്ങള്‍ കടം വാങ്ങേണ്ടിവന്നത്. വീടും സ്ഥലവും വിറ്റ് കടം വീട്ടാനാവുമെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസില്‍ താലൂക്ക് ലാന്റ് ബോര്‍ഡ് തീര്‍പ്പാക്കാത്തതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് നൗഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക് മുന്നില്‍ ജീവിതം അവസാനിപ്പിച്ച പ്രവാസികളായ രാജനും സുഗതനും സ്വീകരിച്ച വഴി മതവിശ്വാസിയായ തനിക്ക് സ്വീകരിക്കാന്‍ പറ്റാത്തത് കൊണ്ടുമാത്രം ആത്മഹത്യ ചെയ്തില്ലെന്നാണ് നൗഷാദ് തന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നത്. 17 വര്‍ഷമായി പ്രവാസിയായ താന്‍ രണ്ട് വര്‍ഷം പോലും ഇക്കാലയളവില്‍ സ്വന്തം കുടുംബത്തിനൊപ്പം ജീവിച്ചിട്ടില്ല.  ആകെയുള്ള സമ്പാദ്യം 15 സെന്റ് സ്ഥലവും വീടും മാത്രമാണ്. നിതാഖാത്തുമായി ബന്ധപ്പെട്ട് തന്റെ ജീവിതമാര്‍ഗമായ ഫാസ്റ്റ്ഫുഡ് കട നിലനിര്‍ത്താന്‍ പണം ചിലവാക്കേണ്ടി വന്നു. ഇതിനായി പലരില്‍ നിന്ന് കടം വാങ്ങി. കച്ചവടം കൂടി കുറഞ്ഞപ്പോള്‍ കടത്തോടൊപ്പം വലിയ പലിശ ബാധ്യതയും കൂടിയായി. കടക്കാര്‍ കാരണം ഇപ്പോള്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. എന്നാല്‍ തന്റെ വീടും സ്ഥലവും വില്‍ക്കുകയോ അത് ഈടുവെച്ച് വായ്‍പയെടുക്കുകയോ ചെയ്താല്‍ വീട്ടാന്‍ കഴിയുന്ന കടമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കുറുമാത്തൂര്‍ പഞ്ചായത്തില്‍ പെടുന്ന തന്റെ സ്ഥലത്തിന് രേഖകള്‍ ശരിയാക്കി നല്‍കുന്നില്ലെന്നാണ് നൗഷാദിന്റെ ആരോപണം. ലാന്റ് ബോര്‍ഡില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ നടത്താനാവാത്ത സ്ഥിതിയാണ്.  ഇതിനിടയില്‍ ഇതിനടുത്ത് സ്ഥലമുള്ള പലരും രേഖകള്‍ ശരിയാക്കുകയും മറ്റ് ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു. സ്ഥലത്തിന് രേഖയുണ്ടായിരുന്നെങ്കില്‍ വീടും സ്ഥലവും വിറ്റോ ലോണെടുത്തോ കടം വീട്ടി ഒരു ദിവസമെങ്കിലും ശരിക്ക് ഉറങ്ങാമായിരുന്നു. ആറ് ലക്ഷം രൂപ പലിശക്ക് വാങ്ങിയ ആളിന് 13 ലക്ഷം രൂപ കൊടുത്തു. പലിശ ഒഴിവാക്കി മുതല്‍ മുഴുവന്‍ ഓഗസ്റ്റില്‍ കൊടുക്കാമെന്ന് പറഞ്ഞ‌് സമ്മതിച്ചു. എന്നാലും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നു. ഭാര്യയുടെ കഴുത്തറുക്കുമെന്നും മകനെ തട്ടിക്കൊണ്ട് പോയി കൊല്ലുമെന്നുമൊക്കെയാണ് ഭീഷണി. ഇപ്പോള്‍ 16 വയസുള്ള തന്റെ പൊന്നുമോളെ വേണമെന്നാണ് ആവശ്യം. പലവട്ടം വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് എല്ലാവരെയും തീര്‍ത്തുകളയുമെന്നും ഒരു കടലാസ് മാത്രമായിരിക്കും കിട്ടുകയെന്നുമാണ് ഭീഷണി. 

തന്നെ സഹായിക്കണമെന്നും ഇത് ശ്രദ്ധയില്‍ പെടുമ്പോഴേക്കും താന്‍ ഭൂമിയില്‍ ഉണ്ടായെന്ന് വരില്ലെന്നും ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സഹായമൊന്നും വേണ്ട. ഉത്തരവാദിത്തപ്പെട്ടവര്‍ അവരുടെ കടമ നിര്‍വഹിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഈ അപേക്ഷയെന്നും അദ്ദേഹം പറയുന്നു. ലാന്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കേസില്‍ തീര്‍പ്പുണ്ടാക്കാതെ അകാരണമായി നടപടികള്‍ വൈകിപ്പിക്കുകയാണെന്നാണ് നൗഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios