2020 മാർച്ചിൽ റിയാദിലെത്തിയ യുവാവ് കഴിഞ്ഞ മൂന്ന് വർഷമായി സുലൈയിലുള്ള ഒരു മലയാളി റസ്റ്റോറൻറിലാണ് ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 20 മുതലാണ് കാണാതായത്. ഫെബ്രുവരി 17-നാണ് അവസാനമായി നാട്ടിലേക്ക് വിളിച്ചത്.
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ ഒരു റസ്റ്റോറൻറിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര പുതുപ്പണം സ്വദേശി ആഷിയാനയിൽ മുഹമ്മദ് റോഷൻ മലയിലിനെയാണ് (25) കാണാനില്ലെന്ന് കാണിച്ച് നാട്ടിൽനിന്ന് കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകിയത്. അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് എംബസി അധികൃതർ സൗദി വിദേശകാര്യ മന്ത്രാലയത്തിന് പരാതി കൈമാറിയിട്ടുണ്ട്.
2020 മാർച്ചിൽ റിയാദിലെത്തിയ യുവാവ് കഴിഞ്ഞ മൂന്ന് വർഷമായി സുലൈയിലുള്ള ഒരു മലയാളി റസ്റ്റോറൻറിലാണ് ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 20 മുതലാണ് കാണാതായത്. ഫെബ്രുവരി 17-നാണ് അവസാനമായി നാട്ടിലേക്ക് വിളിച്ചത്. കാണാതായതിന് ശേഷം മൊബൈൽ സിം പ്രവർത്തന രഹിതമാണ്. സമൂഹ മാധ്യമ അകൗണ്ടുകളും ഓപ്പൺ ചെയ്തിട്ടില്ല. യുവാവിനെ കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഹോട്ടൽ നടത്തിപ്പുകാർ കുടുംബത്തെ അറിയിച്ചത്.
തുടർന്ന് മാതൃ സഹോദരി അഫ്സീന നബീൽ റിയാദിലെ ഇന്ത്യൻ എംബസിക്ക് പരാതി അയച്ചു. കമ്യൂണിറ്റി വെൽഫെയർ വിങ്ങിനും ലേബർ അറ്റാഷെക്കുമാണ് ഇമെയിലായി പരാതി അയച്ചത്. പരാതി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചു.
