ജെംസ് കമ്പനിയില്‍ ജോലി ചെയ്യുന്ന മുഹമ്മദലി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തെത്തി ഉറങ്ങുന്നതിനിടെ ഞായറാഴ്ച പകലായിരുന്നു സംഭവം.

റിയാദ്: സൗദി അറേബ്യയില്‍ ഉറക്കത്തിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് പ്രവാസി മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ സുഹൃത്തുക്കളും മറ്റ് സഹപ്രവര്‍ത്തകരും. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ജുബൈലിലെ ക്യാമ്പിലാണ് മലപ്പുറം ചെറുകര കട്ടുപ്പാറ പെരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) കൊല്ലപ്പെട്ടത്. ഒപ്പം താമസിക്കുന്ന ചെന്നൈ സ്വദേശി മഹേഷാണ് (45) മുഹമ്മദലിയെ കുത്തിയത്. ഇയാള്‍ പിന്നീട് സ്വയം കഴുത്തറുത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു.

ജെംസ് കമ്പനിയില്‍ ജോലി ചെയ്യുന്ന മുഹമ്മദലി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തെത്തി ഉറങ്ങുന്നതിനിടെ ഞായറാഴ്ച പകലായിരുന്നു സംഭവം. കൊല്ലപ്പെട്ട മുഹമ്മദലിയും പ്രതിയായ മഹേഷും ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു ഒരു മുറിയില്‍ താമസിച്ചിരുന്നത്. ആറ് മാസമായി ഒരുമിച്ച് താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ മഹേഷ് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി ക്യാമ്പിലുള്ളവര്‍ പറഞ്ഞു. രക്തസമ്മര്‍ദം വര്‍ദ്ധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഒരാഴ്‍ച കമ്പനി അവധി നല്‍കുകയും ചെയ്‍തിരുന്നു. ഞായറാഴ്ച ക്യാമ്പ് ഇന്‍ ചാര്‍ജ് അന്വേഷിച്ചപ്പോള്‍ നടക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.

മുഹമ്മദലിയും മഹേഷും മാത്രം മുറിയിലുണ്ടായിരുന്നപ്പോഴാണ് കൊലപാതകം നടന്നത്. കൃത്യം നടത്തിയ ശേഷം സ്വയം മഹേഷ് സ്വയം കഴുത്തറുക്കുകയും ചെയ്‍തു. ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷ് നിലവില്‍ അപകടനില തരണം ചെയ്‍തിട്ടുണ്ട്. കുറ്റബോധം കൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സമീപത്തെ മുറികളില്‍ താമസിച്ചിരുന്ന ചിലരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കമ്പനിയില്‍ ഗേറ്റ്‍മാനായി ജോലി ചെയ്‍തിരുന്ന മുഹമ്മദലി ഏവര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. നേരത്തെ തൃശ്ശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ സ്കൂളില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ആറ് വര്‍ഷം മുമ്പാണ് ജെംസില്‍ എത്തിയത്. മൃതദേഹം സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്നാണ് സൂചന. കമ്പനി അധികൃതര്‍ മുഹമ്മദലിയുടെ ബന്ധുക്കളുമായി സംസാരിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്‍തിട്ടുണ്ട്.

മെഷീനിസ്റ്റായി ജോലി ചെയ്യുന്ന പ്രതി മഹേഷും അഞ്ച് വര്‍ഷമായി ജെംസിലുണ്ട്. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നയാളായിരുന്നു മഹേഷെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അടുത്തമാസം ആദ്യം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ മഹേഷിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അതേസമയം മുഹമ്മദലിയുടെ കൊലപാതകം സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം താമസക്കുന്നവര്‍ക്കും വലിയ നടുക്കമാണ് സമ്മാനിച്ചത്. തങ്ങളുടെ കൂട്ടത്തിലൊരാള്‍ തന്നെ ഒപ്പമുള്ള മറ്റൊരാളുടെ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ക്യാമ്പിലെ മറ്റുള്ളവര്‍ ഇതുവരെ മുക്തരായിട്ടില്ല. സൗമന്യായ മുഹമ്മദലിയുടെ വിയോഗം കമ്പനി അധികൃതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിശ്വാസിക്കാനായിട്ടുമില്ല.