മലയാളി സാമൂഹികപ്രവർത്തകൻ റിയാദിൽ നിര്യാതനായി. 33 വർഷമായി പ്രവാസിയായ ഇദ്ദേഹം റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദ്: റിയാദിൽ മരിച്ച സാമൂഹിക പ്രവർത്തകനും പ്രവാസിയുമായ എ.വി. നാരായണൻ എന്ന മണിയുടെ (57) മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാ സാംസ്‌കാരിക വേദി മലസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. 33 വർഷമായി പ്രവാസിയായ ഇദ്ദേഹം റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സെപ്റ്റംബർ 29-ന് താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണന്റെയും തമ്പായിയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ഭാര്യ: മഞ്ജുള. മക്കൾ: മഞ്ജിമ, മാനവ്. സഹോദരങ്ങൾ: കമല, സാവിത്രി, ഗംഗാധരൻ, പരേതയായ നന്ദിനി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോലത്തുവയൽ സമുദായ ശ്മശാനത്തിൽ നടക്കും.

