ഉംറക്കെത്തി മസ്‌തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ മലയാളി മരിച്ചു. നാട്ടിൽ നിന്ന് ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ, ജിദ്ദയിൽ ജോലിചെയ്യുന്ന മകൻ ഷൈജുവിന്‍റെ അടുത്ത് ഇക്കഴിഞ്ഞ സെപ്‌തംബർ 24 നാണ് ഇദ്ദേഹമെത്തിയത്.

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മുൻ ഡെപ്യൂട്ടി തഹസീൽദാർ കൊല്ലം ചവറ പുല്ലംവയലിൽ ലൈജു നിവാസിൽ റഷീദ് കുഞ്ഞ് (76) ജിദ്ദയിൽ മരിച്ചു. മസ്‌തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദ അൽമഹജ്ർ കിങ് അബ്‌ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിൽ നിന്ന് ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ, ജിദ്ദയിൽ ജോലിചെയ്യുന്ന മകൻ ഷൈജുവിന്‍റെ അടുത്ത് ഇക്കഴിഞ്ഞ സെപ്‌തംബർ 24 നാണ് ഇദ്ദേഹമെത്തിയത്.

ഉംറ നിർവഹിച്ച ശേഷം മകനോടൊപ്പം ജിദ്ദയിൽ കഴിയുമ്പോഴാണ് അസുഖബാധിതനായത്. മസ്‌തിഷ്ക്കാഘാതത്തെ തുടർന്ന് അൽമഹജ്ർ കിങ് അബ്‌ദുൽ അസീസ് ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. അസുഖ വിവരമറിഞ്ഞ് മക്കളായ ലൈജുവും ബൈജുവും നാട്ടിൽനിന്ന് ജിദ്ദയിൽ എത്തിയിരുന്നു. 

സംസ്ഥാന റവന്യൂ വകുപ്പിൽ ദീർഘകാലം സേവനം അനുഷ്‌ഠിച്ച ഇദ്ദേഹം കരുനാഗപ്പള്ളി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാരായാണ് വിരമിച്ചത്. കുടുംബത്തിന്‍റെയും നാട്ടിലെ പ്രവാസികളുടെയും ജിദ്ദയിലെ സാമൂഹിക പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ മൃതദേഹം ഇന്ന് രാവിലെ റുവൈസ് ഖബർസ്ഥാനിൽ ഖബറടക്കി. റുവൈസ് മസ്‌ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും നിരവധി പ്രവാസികളും സ്വദേശികളും പങ്കടുത്തു. നൂർനിസയാണ് ഭാര്യ. മക്കൾ: ലൈജു (ആമീസ് പാരഡൈസ്, ചവറ), ബൈജു (പൊലീസ് ഐ.ടി വിഭാഗം, തിരുവനന്തപുരം), ഷൈജു (ജിദ്ദ). മരുമക്കൾ: സുമയ്യ (വനം വകുപ്പ് ഉദ്യോഗസ്ഥ), ഡോ. ജാസ്‌മിൻ (ആയുർവേദ കോളജ്, തിരുവനന്തപുരം), സൗഫിയ.