ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർത്ഥാടക മദീനയിൽ മരിച്ചു. മദീനയിലെത്തിയപ്പോൾ അനുഭവപ്പെട്ട കടുത്ത ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റിയാദ്: ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു. ചങ്ങരംകുളം കുമ്പിള വളപ്പിൽ ബീപാത്തുട്ടി (54) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മദീനയിലെ കിങ് സൽമാൻ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയും ചികിത്സയും ഭർത്താവ് അബൂബക്കർ, മകൾ ഷഹല എന്നിവരോടൊപ്പമാണ് ബീപാത്തുട്ടി ഉംറ നിർവഹിക്കാനെത്തിയത്.
മദീനയിലെത്തിയപ്പോൾ അനുഭവപ്പെട്ട കടുത്ത ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. പിതാവ്: ഉസ്മാൻ, മാതാവ്: പാത്തുണ്ണി, മക്കൾ: അഷ്‌റഫ്, ഷാഹിദ് (ഇരുവരും ദുബായ്), ഷഹല, മരുമക്കൾ: മുഹമ്മദ് (ഖത്തർ), ഷംസുദ്ദീൻ, നജ്മത്ത്. വിവരമറിഞ്ഞ് ദുബൈയിൽ നിന്നും മക്കൾ കഴിഞ്ഞ ദിവസം മദീനയിലെത്തിയിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മദീനയിൽ ഖബറടക്കി. സാമൂഹിക പ്രവർത്തകരായ അൻവർ ഷാ, അബ്ദുൽ അസീസ് കുന്നുംപുറം എന്നിവരാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.


