ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 

റിയാദ്: ഹൃദയാഘാതമുണ്ടായ ഉംറ തീർഥാടകയെ വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉംറ നിർവഹിച്ച ശേഷം സ്‍പൈസ് ജറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദായാഘാതമുണ്ടായ മലപ്പുറം എടയൂര്‍ നോർത്ത് ആദികരിപ്പാടി മവണ്ടിയൂർ മൂന്നാം കുഴിയില്‍ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് റിയാദിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ മരിച്ചത്. 

ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതറിഞ്ഞ പൈലറ്റ് വിമാനം റിയാദില്‍ അടിയന്തിരമായി ഇറക്കി. തീര്‍ത്ഥാടകയെ വിമാനത്താവളത്തിന് അടുത്തുള്ള കിങ് അബ്ദുല്ല ആശുപത്രിയിൽ ഉടൻ എത്തിക്കുകയും ചെയ്തു. ഉച്ചക്ക് 1.30-ഓടെ മരണം സംഭവിച്ചു. 

ഭര്‍ത്താവ് കുഞ്ഞിപ്പോക്കരുടെ കൂടെ സ്വകാര്യ ഗ്രൂപ്പിലാണ് ഇവര്‍ ഉംറക്കെത്തിയത്. മക്കൾ - അബ്ദുറഹ്മാന്‍, സാജിദ, ശിഹാബുദ്ദീന്‍, ഹസീന. മരുമക്കൾ - അബ്ദു റഷീദ്, മുഹമ്മദ് റാഫി, ഫാത്തിമ, ഹഫ്സത്ത്. മൊയ്തീൻ കുട്ടിയാണ് പിതാവ്. മറിയക്കുട്ടിയും മാതാവും. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നു.

Read also: പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു