അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന മകളെയും കുടുംബത്തെയും കാണാനെത്തിയതാണ്. എന്നാല്‍ ട്രാവൽ ഇൻഷുറൻസ് ഇല്ലാതെയാണ് ഇവര്‍ വിസിറ്റിങ് വിസയില്‍ യുകെയിലെത്തിയത്.
സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്: യുകെയിലുള്ള മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ മലയാളി മരിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്തുള്ള ചീടില്‍ എന്ന സ്ഥലത്ത് മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ പിതാവ് അങ്കമാലി പാറക്കടവ് സ്വദേശി മോഹനന്‍ കുട്ടപ്പമേനോന്‍ (67) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടുകളും ഭര്‍ത്താവിന്‍റെ രോഗാവസ്ഥയും മൂലം കഴിഞ്ഞ അഞ്ച് വര്‍ഷമായി മോഹനന്‍റെ മകള്‍ രമ്യക്ക് നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. മകളെയും കുടുംബത്തെയും കാണാനുള്ള ആഗ്രഹത്തിലാണ് മോഹനനും ഭാര്യയും കഴിഞ്ഞ മാസം സന്ദര്‍ശക വിസയില്‍ യുകെയിലെത്തിയത്. മോഹനനും ഭാര്യയും ട്രാവൽ ഇൻഷുറൻസ് ഇല്ലാതെയാണ് യുകെയിൽ എത്തിയതെന്നാണ് പ്രാഥമിക വിവരം. അതിനാൽ ആശുപത്രി ചെലവും മറ്റുമായി ഭീമമായ തുകയുടെ ബിൽ അടയ്‌ക്കേണ്ടി വരുമെന്നാണ് വിവരം. വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്കുള്ള ചികിത്സാ നിയമങ്ങള്‍ എന്‍എച്ച്എസ് കര്‍ശനമാക്കിയതിനാല്‍ ആശുപത്രിയില്‍നി ന്നും ഭീമമായ ബില്ല് വരുമോയെന്ന ആശങ്കയിലാണ് കുടുംബം. മൃതദേഹം റോയല്‍ സ്റ്റോക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മെച്ചപ്പെട്ട ജീവിതസാഹചര്യം തേടിയാണ് മോഹനന്‍റെ രമ്യയും ഭര്‍ത്താവ് ശിവരാമനും ഏകമകനും യുകെയിലെത്തിയത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ശിവരാമൻ രോഗിയായി. ഭര്‍ത്താവിനെയും മകനെയും വീട്ടിലാക്കി ജോലിക്ക് പോകാന്‍ രമ്യ ഏറെ പ്രയാസപ്പെട്ടു. പലപ്പോഴും അയല്‍വീടുകളില്‍ മകനെ ആക്കിയിട്ടാണ് രമ്യ ഡ്യൂട്ടിക്കു പോയിരുന്നത്. അവധി ദിവസങ്ങളില്‍ കേക്ക് ഉണ്ടാക്കി വിറ്റും സുഹൃത്തുക്കളോടും കടം വാങ്ങിയുമൊക്കെയാണ് രമ്യ പിആറിന് അപേക്ഷിക്കാനുള്ള പണം കണ്ടെത്തിയത്.മാതാപിതാക്കള്‍ എത്തിയതോടെ ആശ്വാസമായെങ്കിലും അപ്രതീക്ഷിത ആഘാതമായി പിതാവിന്‍റെ മരണം സംഭവിക്കുകയായിരുന്നു.


