സൗദിയില്‍ താമസ സ്ഥലത്തുവെച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു മലയാളി യുവാവ് ചികിത്സയിലാണ്. സംഭവത്തില്‍ ദൂരൂഹത നിലനില്‍ക്കുന്നു. മനഃപൂര്‍വം അപായപ്പെടുത്താന്‍ ശ്രമിച്ചതാണോയെന്ന് സംശയം.

റിയാദ്: ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ലജ്നത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ് (47) വ്യാഴാഴ്ച പുലര്‍ച്ചെ 4.30നാണ് ശുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്. ഒപ്പം താമസിക്കുന്ന സഹപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി സന്തോഷ് തീപ്പൊള്ളലേറ്റ് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍മ ഗ്ലാസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരാണ് ഇരുവരും. 

ഇവര്‍ താമസിക്കുന്ന മുറിയില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരന്നു സംഭവം. രണ്ടുപേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പൊലീസും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി റെഡ് ക്രസന്റ് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. പൊള്ളലേറ്റ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. മനഃപൂര്‍വം അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. മരിച്ച സിയാദ് ഏറെക്കാലമായി സൗദിയിലുണ്ട്. അല്‍മ കമ്പനിയില്‍ എട്ടുവര്‍ഷം മുമ്പാണ് ഡ്രൈവറായി ജോലിക്ക് ചേര്‍ന്നത്. ഈ മാസം 20ന് നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റും ബുക്ക് ചെയ്ത് ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് സംഭവം. ഭാര്യ: ഷൈലജ. മക്കള്‍: സിയാന സിയാദ് (ലജ്നത് സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി), സൈറാ സിയാദ് (സെന്റ് ജോസഫ്സ് സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി). റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) പ്രവര്‍ത്തകരാണ് സഹായിക്കാന്‍ രംഗത്തുള്ളത്.