ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാമിന് സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

റിയാദ്: മലയാളി മാതാവും നവജാത ശിശുവും സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) ശിശുവുമാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാമിന് സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഇതിന് പിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും മരണപ്പെടുകയായിരുന്നു. സന്ദര്‍ശന വിസയിലെത്തിയ ഗാഥ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള തയ്യാറെടുപ്പിനിടെയാണ് രോഗം ബാധിച്ചത്. കരിങ്കുന്നം തടത്തില്‍ ടി.ജി. മണിലാലിന്റെയും ശോഭയുടേയും മകളാണ്. മനു ഏക സഹോദരനാണ്.