കാർ ഓഫ് ചെയ്യാതെ കടയിൽ പോയ പ്രവാസി നാല് മിനിറ്റിനുള്ളിൽ തിരിച്ചെത്തിയപ്പോൾ വണ്ടിയില്ല. സിസിടിവി ദൃശ്യമാണ് നിർണായകമായത്. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. 

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ കാർ ഓഫ് ചെയ്യാതെ കടയിൽ പോയ പ്രവാസിയുടെ വാഹനം മോഷണം പോയ സംഭവത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന സമാനമായ ഒരു കേസിന് പിന്നാലെയാണ് വീണ്ടും ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഷ്യൻ വംശജനായ പ്രവാസി തന്‍റെ 2010 മോഡൽ ജാപ്പനീസ് കാർ സാൽമിയ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറത്ത് എഞ്ചിൻ ഓഫ് ചെയ്യാതെ നിർത്തിയാണ് അകത്തേക്ക് പോയത്. വെറും നാല് മിനിറ്റിനുള്ളിൽ അദ്ദേഹം തിരിച്ചെത്തിയപ്പോഴേക്കും കാർ കാണാനില്ലായിരുന്നു.

കേസ് അന്വേഷിച്ച പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. ഒരു സർക്കാർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്ന കുവൈത്ത് സ്വദേശിയായ ഉദ്യോഗസ്ഥനാണ് മോഷണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ സ്റ്റാർട്ട് ചെയ്തിട്ടിരിക്കുന്നത് കണ്ടപ്പോൾ താൻ അത് എടുക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. അല്പനേരം ഓടിച്ച ശേഷം കാർ ഒരിടത്ത് ഉപേക്ഷിച്ചുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഓർമ്മയില്ലെന്ന വിചിത്രമായ വാദമാണ് ഇയാൾ ഉയർത്തുന്നത്. വാഹനം മോഷ്ടിക്കപ്പെട്ട പരാതി രജിസ്റ്റർ ചെയ്തതിനൊപ്പം തന്നെ, എഞ്ചിൻ ഓഫ് ചെയ്യാതെ അശ്രദ്ധമായി വാഹനം പൊതുസ്ഥലത്ത് ഇട്ടതിന് പ്രവാസിക്കെതിരെ ട്രാഫിക് നിയമലംഘനത്തിന് പൊലീസ് പിഴ ചുമത്തി.