അബുദാബി: ഷാര്‍ജാ നിവാസികള്‍ക്ക് അടിയന്തര സഹായങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് കവിത ചൊല്ലി യുവാവ്. 993 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചാണ് യുവാവ് കവിത ചൊല്ലിയത്. എന്നാല്‍ ഇതാദ്യമായാല്ല ഇത്തരം കോളുകള്‍ എമര്‍ജന്‍സി നമ്പരിലേക്ക് എത്തുന്നത്. ഈദിന് അറക്കാന്‍ വെച്ചിരുന്ന ആട് വീട്ടില്‍ നിന്നും രക്ഷപെട്ടെന്ന് പറഞ്ഞായിരുന്നു മറ്റൊരു കോള്‍ എത്തിയത്.

ഏകദേശം 55,873 കോളുകളാണ് ഈ വര്‍ഷം പകുതിയിലെത്തി നില്‍ക്കുമ്പോള്‍ എമര്‍ജന്‍സി നമ്പരിലേക്ക് എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചിലര്‍ ഗൗരവകരമായ വിഷയങ്ങള്‍ പറയാനാണ് വിളിക്കുന്നതെങ്കില്‍ ചില ഫോണ്‍ കോളുകള്‍ വെറുതെ കുശലാന്വേഷണം നടത്താനാണെന്ന് കോള്‍ സെന്‍റര്‍  മോധാവി അബ്ദുള്ള അല്‍ ബുറൈമി പറഞ്ഞു. 

അടിയന്തര സഹായങ്ങള്‍ക്ക് അല്ലാതെ വിളിക്കുന്ന ആളുകളെയും തികഞ്ഞ മര്യാദയോടെ പ്രൊഫഷണല്‍ രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും കോള്‍ സെന്‍റര്‍ അധികൃതര്‍ പറഞ്ഞു. എമര്‍ജന്‍സി നമ്പരിലേക്ക് വരുന്ന കോളുകളില്‍ 18 ശതമാനം അപേക്ഷകളും 67 ശതമാനം അന്വേഷണങ്ങളും 15 ശതമാനം അടിയന്തര സന്ദേശങ്ങളുമാണെന്ന് ഷാര്‍ജാ മുന്‍സിപ്പാലിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററിലെ ജീവനക്കാര്‍ക്ക് കുശലാന്വേഷണ കോളുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.