വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശന അനുമതിയുണ്ടായിരുന്നുള്ളൂ. പ്രധാനപ്പെട്ട മൂന്ന് വാതിലുകൾ തുറന്നാണ് വജ്രം സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തേണ്ടത്. ആദ്യത്തെ വാതില്‍ പ്രത്യേക താക്കോൽ ഉപയോഗിച്ചും രണ്ടാമത്തേത് രഹസ്യ കോഡ് ഉപയോഗിച്ചുമാണ് തുറക്കേണ്ടത്. മൂന്നാമത്തെ വാതില്‍ രഹസ്യ ഇലക്ട്രോണിക് കോഡ് ഉപയോഗിച്ച് മാത്രം

ദുബായ്: 7.35 കോടി ദിര്‍ഹം (145 കോടി ഇന്ത്യന്‍ രൂപ) വിലവരുന്ന വജ്രം മോഷ്ടിച്ച കേസില്‍ സുരക്ഷാ ജീവനക്കാരനെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. 37 കാരനായ ശ്രീലങ്കന്‍ പൗരനാണ് കേസില്‍ പിടിയിലായത്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയില്‍ സുരക്ഷാ ജീവനക്കാരായി ജോലി ചെയ്തപ്പോഴാണ് ഇയാള്‍ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വജ്രം മോഷ്ടിച്ചത്. ഇയാള്‍ക്ക് ഒളിസങ്കേതം ഒരുക്കിയ കുറ്റത്തിന് 38 വയസുള്ള മറ്റൊരാളും കേസില്‍ പിടിയിലായിട്ടുണ്ട്. 

മോഷ്ടാവിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വജ്രം നാട്ടിലേക്ക് അയക്കാന്‍ ശ്രമിക്കുകയും ചെയ്ത മറ്റൊരു ശ്രീലങ്കക്കാരന്‍ നാട്ടിലേക്ക് രക്ഷപെട്ടു. ഇയാളുടെ അഭാവത്തില്‍ ഇയാള്‍ക്കെതിരെയും വിചാരണ നടക്കും. ഈ വര്‍ഷം മേയ് 25നും ജൂണ്‍ 20നും ഇടയിലുള്ള ദിവസങ്ങളിലാണ് വലിയ വാര്‍ത്താപ്രാധാന്യം നേടിയ കേസ് പുറത്തുവന്നത്. വിചാരണയ്ക്കായി കേസിന്റെ വിശദാംശങ്ങള്‍ കോടതിയിലെത്തിയപ്പോഴാണ് ലോകം ഞെട്ടിയ മോഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. താന്‍ തന്നെയാണ് മോഷണത്തിനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് മുഖ്യപ്രതി പൊലീസിനോട് സമ്മതിച്ചു.

വജ്രത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രതി മേയ് 25ന് ജാക്കറ്റ് ധരിച്ചാണ് പ്രതി ജോലിക്കെത്തിയത്. അതീവ സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു വജ്രം സൂക്ഷിച്ചിരുന്നത്. വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശന അനുമതിയുണ്ടായിരുന്നുള്ളൂ. പ്രധാനപ്പെട്ട മൂന്ന് വാതിലുകൾ തുറന്നാണ് വജ്രം സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തേണ്ടത്. ആദ്യത്തെ വാതില്‍ പ്രത്യേക താക്കോൽ ഉപയോഗിച്ചും രണ്ടാമത്തേത് രഹസ്യ കോഡ് ഉപയോഗിച്ചുമാണ് തുറക്കേണ്ടത്. മൂന്നാമത്തെ വാതില്‍ രഹസ്യ ഇലക്ട്രോണിക് കോഡ് ഉപയോഗിച്ച് മാത്രം തുറക്കാന്‍ കഴിയുന്നതുമായിരുന്നു. ഈ ഇലക്ട്രോണിക് കോഡ് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നതുമായിരുന്നു. ഇവ മറികടന്ന് ഉള്ളില്‍ കടന്നയാള്‍ സുരക്ഷാ ജീവനക്കാര്‍ തന്നെയായിരിക്കുമെന്ന് ദുബായ് പൊലീസ് നേരത്തെ തന്നെ അനുമാനിച്ചിരുന്നു.

പ്രത്യേക സുരക്ഷയുള്ള മുറിയില്‍ കയറി, വജ്രം സൂക്ഷിച്ചിരുന്ന ബാഗ് മുറിച്ച ശേഷം അതിനുള്ളിലെ പെട്ടി തുറന്ന് വജ്രം പുറത്തെടുത്തു. ജാക്കറ്റിലാണ് ഇത് സൂക്ഷിച്ചത്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ പെട്ടിയും ബാഗും പഴയത് പോലെ തന്നെ വെച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇവിടെ നിന്ന് സുഹൃത്തിന്റെ ഹോർ അൽ അൻസിലുള്ള വീട്ടിലേക്കു പോയി. അവിടെ വെച്ച് സുഹൃത്തിന്റെ സഹായത്തോടെ വജ്രം ഷൂസിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. കുറച്ച് തുണികള്‍ക്കൊപ്പം ഇത് ശ്രീലങ്കയിലേക്ക് കാര്‍ഗോയില്‍ അയക്കാനായിരുന്നു തീരുമാനം. സുഹൃത്തിന്റെ പേരില്‍ കാര്‍ഗോ ബുക്ക് ചെയ്ത് സാധനങ്ങള്‍ അയച്ചു. ശേഷം സുഹൃത്ത് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഇതിനിടെ കമ്പനിയിലെ മാനേജരായിരുന്ന ജോര്‍ദ്ദാന്‍ പൗരന്‍ രാജി വെച്ചപ്പോള്‍ സാധനങ്ങളുടെ കണക്കെടുപ്പ് നടത്തി. മേയ് 28നായിരുന്നു ഇത്. വജ്രം സൂക്ഷിച്ചിരുന്ന ബാഗ് മുറിച്ചിട്ടുണ്ടെന്ന് മനസിലാക്കി പരിശോധിച്ചപ്പോഴാണ് മോഷണം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജോലിക്കെത്താത്ത സുരക്ഷാ ഉദ്ദ്യോഗസ്ഥനെ വിളിച്ചെങ്കിലും ഇയാള്‍ ഫോണെടുത്തില്ല. പിടിക്കപ്പെടാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ ഷാര്‍ജ വിമാനത്താവളത്തിന് സമീപത്തുള്ള തെരുവിലാണ് അന്തിയുറങ്ങിയത്. പിന്നീട് ഷാര്‍ജയില്‍ തന്നെയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഇവിടെ വെച്ച് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസില്‍ താന്‍ നിരപരാധിയാണെന്ന് അഭയം നല്‍കിയ സുഹൃത്ത് കോടതിയില്‍ പറഞ്ഞു. മോഷണം സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. ഒരു ചെക് കേസില്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അത് കൊണ്ട് ഇവിടെ താമസിക്കുന്നുവെന്നും മാത്രമാണ് ഇയാള്‍ പറഞ്ഞതെന്ന് സുഹൃത്ത് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഒമാന്‍ പ്രതിക്ക് രക്ഷപെടാനുള്ള വഴികള്‍ തങ്ങള്‍ തയ്യാറാക്കിയെന്ന് ഇയാള്‍ സമ്മതിച്ചു.

മോഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിയത്.8620 മണിക്കൂർ ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിക്കുകയും 120ൽ അധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒടുവില്‍ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നുതന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു. കടുത്ത ചൂടുള്ള സമയത്ത് ഇയാള്‍ ജാക്കറ്റ് ധരിച്ചെത്തിയതും സംശയം ഇയാളിലേക്ക് നീണ്ടു. കേസ് ഒക്ടോബര്‍ 18ലേക്ക് മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍.