കുവൈത്തിൽ റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെന്‍റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവാവ്. വിശദമായ അന്വേഷണത്തിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിനെ ചുമതലപ്പെടുത്തി. 

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെന്‍റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവാവ്. സംഭവത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് അന്വേഷണം ആരംഭിച്ചു.

തന്‍റെ മകൻ അസ്വാഭാവികമായി പെരുമാറുന്നുവെന്നും അപ്പാർട്ട്‌മെന്‍റ് ജനലിലൂടെ ചാടാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി യുവാവിന്‍റെ അമ്മ നൽകിയ റിപ്പോർട്ടിലാണ് സംഭവം പുറത്തുവന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. അമ്മ ഉടൻ ഇടപെടുകയും മകൻ ചാടുന്നത് തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തും വരെ മകനെ പിടിച്ചുനിർത്തുകയും ചെയ്തു. പ്രാഥമിക വൈദ്യപരിശോധനയിൽ, യുവാവ് മയക്കുമരുന്നിന്‍റെ സ്വാധീനത്തിലായിരുന്നു എന്ന് കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻറെ നിർദ്ദേശപ്രകാരം കേസ് ഔദ്യോഗികമായി ആത്മഹത്യാശ്രമം എന്ന കുറ്റം ചുമത്തി രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണത്തിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ചോദ്യം ചെയ്യലിൽ തനിക്ക് മാനസിക വൈകല്യങ്ങളും വിഷാദവും ഉണ്ടെന്നും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നും യുവാവ് സമ്മതിച്ചു. ഡോക്ടർ നിർദ്ദേശിച്ച അളവിനേക്കാൾ കൂടുതൽ മരുന്ന് കഴിച്ചതോടെയാണ് അബോധാവസ്ഥയിലായതെന്നും അത് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.