10 ലക്ഷത്തിലധികം ദിര്‍ഹവുമായി (ഏകദേശം രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സൈക്കിളില്‍ അലക്ഷ്യമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെയാണ് നൈഫില്‍ വെച്ച് പൊലീസ് പിടികൂടിയത്.

ദുബൈ: കുറ്റാന്വേഷണ മികവിന് പുറമെ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുക വഴി കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുന്നവരെ തടയുന്നതിലും സദാ ജാഗരൂഗരാണ് ദുബൈയിലെ പൊലീസ് സേന. ഇതിന് ഉദാഹരണമാണ് യാതൊരു തരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ വന്‍ തുക അലക്ഷ്യമായി കൈകാര്യം ചെയ്‍തയാളിന് ദുബൈ പൊലീസ് നല്‍കിയ ശിക്ഷ.

10 ലക്ഷത്തിലധികം ദിര്‍ഹവുമായി (ഏകദേശം രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സൈക്കിളില്‍ അലക്ഷ്യമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെയാണ് നൈഫില്‍ വെച്ച് പൊലീസ് പിടികൂടിയത്. പണം ബാങ്കില്‍ നിക്ഷേപിക്കാനായിരുന്നു ഈ സൈക്കിള്‍ യാത്ര. പ്രാദേശിക ദിനപ്പത്രമായ എമിറാത്ത് എല്‍ യൌമിന് നല്‍കിയ അഭിമുഖത്തില്‍ നൈഫ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. താരിഖ് മുഹമ്മദ് നൂര്‍ തഹ്‍ലകാണ് ഈ സംഭവം വിവരിച്ചത്. എന്നാല്‍ സംഭവം നടന്ന യഥാര്‍ത്ഥ സ്ഥലം അദ്ദേഹം വെളിപ്പെടുത്തിയില്ല. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് യുവാവില്‍ പൊലീസ് പിഴ ഈടാക്കിയതായി അദ്ദേഹം പറഞ്ഞു. 

ബാങ്കുകളുടെയും മണി എക്സ്‍ചേഞ്ച് സെന്ററുകളുടെയും പരിസരങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങളൊന്നും പാലിക്കാത്ത നിരവധിപ്പേരെ പൊലീസ് കണ്ടെത്താറുണ്ട്. വലിയ തുകകള്‍ കൈകാര്യം ചെയ്യാന്‍ രണ്ട് ജീവനക്കാരെയെങ്കിലും സ്ഥാപനങ്ങള്‍ നിയോഗിക്കണമെന്നും പണം കൊണ്ടുപോകാന്‍ കാര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസ്ഥലത്തു നിന്ന് വലിയ തുകകള്‍ എണ്ണി തിട്ടപ്പെടുത്തുക, പരിചയമില്ലാത്ത ആളുകളുടെ നിര്‍ദേശം കേട്ട് വാഹനത്തില്‍ നിന്ന് ഇറങ്ങുകയോ അവരുമായി സംസാരിക്കുകയോ ചെയ്യുക തുടങ്ങിയ പ്രവൃത്തികളും തട്ടിപ്പിന് ഇരയാക്കുമെന്നും അദ്ദേഹം പറഞ്ഞു.