ദുബായ്: അര്‍ദ്ധരാത്രി റോഡിലൂടെ നടന്നുപോയ യുവതിയെ കടന്നുപിടിച്ച ഇന്ത്യക്കാരനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. ലൈംഗിക അതിക്രമത്തിനാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കിയത്. ജോലി കഴിഞ്ഞ് രാത്രി നടന്നുപോവുകയായിരുന്ന തന്നെ ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് 25കാരിയായ ഫിലിപ്പൈനി യുവതി പരാതിപ്പെട്ടത്.

ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന 30കാരനെതിരെയാണ് കേസ്. അപരമര്യാദയായ സ്പര്‍ശിക്കുകയും പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തുവെന്ന് കാണിച്ച് ബര്‍ദുബായ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന പരാതിക്കാരി ജോലി കഴിഞ്ഞശേഷം രാത്രി 1.20ന് ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവെയായിരുന്നു സംഭവം. സുഹൃത്തായ മറ്റൊരു യുവതിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആറ് പേരടങ്ങിയ യുവാക്കളുടെ സംഘം ഇവര്‍ക്ക് അഭിമുഖമായി നടന്നുവന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഒരു പ്രകോപനവുമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു.

സഹായത്തിനായി താന്‍ നിലവിളിച്ചപ്പോള്‍ അസഭ്യം പറയുകയും ചിരിക്കുകയും ചെയ്തു. ഇയാളെയോ സുഹൃത്തുക്കളെയോ നേരത്തെ പരിചയമുണ്ടായിരുന്നില്ല. ശേഷം ഇവര്‍ ഒന്നും സംഭവിക്കാത്തത് പോലെ നടന്നുപോയി. നിലവിളിച്ചുകൊണ്ട് താന്‍ ഇവരുടെ പിന്നാലെ പോയി. വഴിയിലുണ്ടായിരുന്ന ഒരു ആഫ്രിക്കക്കാരന്‍ ശബ്ദം കേട്ട് അടുത്ത് വരികയും ആക്രമിച്ച യുവാവിനെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. എന്ത് കാരണം കൊണ്ടാണ് തന്നെ ആക്രമിച്ചതെന്ന് അറിയില്ലെന്നും താന്‍ ഒരു തരത്തിലും പ്രതിയെ പ്രകോപിപ്പിച്ചില്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

യുവതിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തും സമാനമായ മൊഴിയാണ് പൊലീസിന് നല്‍കിയത്. ഒരാള്‍ മാത്രമാണ് ആക്രമിച്ചതെന്നും ഒപ്പമുണ്ടായിരുന്നവര്‍ ഒന്നും ചെയ്തില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ കുറ്റം നിഷേധിച്ച പ്രതി, താന്‍ അറിയാതെ ശരീരത്തില്‍ സ്പര്‍ശിച്ചുപോവുകയായിരുന്നു എന്നാണ് പ്രതി കോടതിയില്‍ വാദിച്ചത്. ഒക്ടോബര്‍ 11ന് കേസില്‍ കോടതി വിധിപറയും.