Asianet News MalayalamAsianet News Malayalam

വസ്ത്രങ്ങളില്‍ വിതറി മയക്കുമരുന്ന് കടത്താന്‍ ശ്രമം; യുഎഇയില്‍ പിടിയിലായ വിദേശിക്ക് ശിക്ഷ വിധിച്ചു

പ്രതിയുടെ ബാഗേജുകള്‍ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനാണ് മയക്കുമരുന്ന് പിടിച്ചത്. പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെ ഇയാള്‍ പരിഭ്രാന്തനാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വിശദമായി പരിശോധിക്കുകയായിരുന്നു. 

man JAILED FOR SMUGGLING  drug soaked clothes at Dubai airport
Author
Dubai - United Arab Emirates, First Published Jun 27, 2019, 10:37 PM IST

ദുബായ്: വസ്ത്രങ്ങളില്‍ വിതറി 18.2 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ വിദേശിക്ക് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷാ കാലയളവ് പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തണമെന്നും ഉത്തരവിലുണ്ട്. ഏപ്രില്‍ ഏഴിനാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 39കാരനായ പ്രതി പിടിയിലായത്.

പ്രതിയുടെ ബാഗേജുകള്‍ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനാണ് മയക്കുമരുന്ന് പിടിച്ചത്. പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെ ഇയാള്‍ പരിഭ്രാന്തനാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വിശദമായി പരിശോധിക്കുകയായിരുന്നു. ചോദിച്ചപ്പോള്‍ നിരോധിത വസ്തുക്കളൊന്നും കൈവശമില്ലെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഹാന്റ് ബാഗിന് ശേഷം ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോള്‍ ടാഗ് പൊട്ടിച്ചതായി കണ്ടെത്തി. നിരവധി തുണികളുണ്ടായിരുന്ന ബാഗില്‍ അവയ്ക്കിടയില്‍ വെളുത്ത പൊടിയും കണ്ടെത്തി.

വസ്ത്രത്തില്‍ താന്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്നായിരുന്നു ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നാട്ടിലുള്ള മറ്റൊരാള്‍ തന്നയച്ചതാണെന്നും യുഎഇയിലുള്ള ബന്ധുവിന് കൈമാറാനുള്ളതാണ് വസ്ത്രങ്ങളെന്നുമാണ് ഇയാള്‍ പറഞ്ഞത്. 32 വസ്ത്രങ്ങളിലായി ക്രിസ്റ്റല്‍ മെത്ത് ഇനത്തിലുള്ള 18.2 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. പ്രതി കുറ്റം നിഷേധിച്ചെങ്കിലും ഈ വാദങ്ങള്‍ തള്ളിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. 15 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ സാധിക്കും.

Follow Us:
Download App:
  • android
  • ios