Asianet News MalayalamAsianet News Malayalam

Gulf News | സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാരിക്ക് കൈക്കൂലിയും കാറും വാഗ്ദാനം ചെയ്‍തു; പ്രവാസിക്ക് ശിക്ഷ

നിയമവിരുദ്ധമായി സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്നതിന് സര്‍വീസ് സെന്റര്‍ ജീവനക്കാരിക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത പ്രവാസിക്ക് യുഎഇയില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 

Man jailed in UAE for offering money and car as bribe to govt employee
Author
Abu Dhabi - United Arab Emirates, First Published Nov 19, 2021, 8:25 PM IST

അബുദാബി: യുഎഇയിലെ ഒരു സര്‍ക്കാര്‍ സേവന കേന്ദ്രത്തില്‍ കൈക്കൂലി വാഗ്ദാനം ചെയ്‍ത പ്രവാസിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. ഏഷ്യക്കാരനായ ബിസിനസുകാരന്‍ തന്റെ ബിസിനസ് സംബന്ധമായ ചില ആവശ്യങ്ങള്‍  നിയമവിരുദ്ധമായി നടത്തിയെടുക്കാനായാണ് കൈക്കൂലി വാഗ്ദാനം ചെയ്‍തത്. 

തന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന മാനേജ്‍മെന്റ് കണ്‍സള്‍ട്ടന്‍സി കമ്പനിയെ മറ്റൊരു സ്ഥാപനമായി മാറ്റുന്നതിന് അംഗീകാരം തേടിയാണ് ഇയാള്‍ ഓഫീസിലെത്തിയത്. എന്നാല്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ല. രേഖകളില്ലാതെ തന്നെ ഇത് സാധിപ്പിച്ചെടുക്കുന്നതിന് വേണ്ടായായിരുന്നു കൈക്കൂലി വാഗ്‍ദാനം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

കൈക്കൂലി വാഗ്ദാനം ലഭിച്ച ഉദ്യോഗസ്ഥ ഇക്കാര്യം തന്റെ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്‍തു. തന്റെ കൊമേഴ്‍സ്യല്‍ ലൈസന്‍സ്, ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്‍മെന്റ് വിഭാഗത്തിലേക്ക് മാറ്റാനായി ഒരു ഉപഭോക്താവ് 10,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്‍തെന്നായിരുന്നു ജീവനക്കാരിയുടെ റിപ്പോര്‍ട്ട്. ഇത്തരമൊരു ഇടപാട് നിയമവിരുദ്ധമാണെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ അത് നടത്തിക്കൊടുക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പല തവണ ഇയാള്‍ തന്നെ സമീപിച്ച് ഇതേ ആവശ്യം ഉന്നയിച്ചുവെന്നും അത് അവഗണിച്ച താന്‍ മേലധികാരികളെ അറിയിക്കുകയായിരുന്നുവെന്നും ജീവനക്കാരി പൊലീസിന് മൊഴി നല്‍കി. ജീവനക്കാരിക്ക് കാര്‍ വാങ്ങി നല്‍കാമെന്നായിരുന്നു ഒരു ഘട്ടത്തില്‍ വാഗ്ദാനം ചെയ്‍തത്. മേലധികാരികള്‍ സാമ്പത്തിക വികസന വകുപ്പിനും പൊലീസിനും പരാതി നല്‍കാന്‍ ഇവരോട് നിര്‍ദേശിച്ചു.

ഒരു തവണ കൂടി ഇയാള്‍ കൈക്കൂലി വാഗ്ദാനം ആവര്‍ത്തിച്ചപ്പോള്‍ 10,000 ദിര്‍ഹം സ്വീകരിക്കാമെന്ന് ജീവനക്കാരി അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇയാള്‍ പണവുമായെത്തി അത് കൈമാറിയ സമയത്ത് പൊലീസ് സംഘം കൈയോടെ അറസ്റ്റ് ചെയ്‍തു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios