Asianet News MalayalamAsianet News Malayalam

ലഹരിമരുന്ന് കടത്തിയ യുവാവിന് സൗദി അറേബ്യയില്‍ വധശിക്ഷ വിധിച്ചു

മുഹമ്മദ് ബിന്‍ സൗദ് അല്‍ റുവൈലി എന്ന പൗരനെയാണ് ശിക്ഷിച്ചത്. നിയമവിരുദ്ധ വസ്തുക്കള്‍ കടത്തിയതിന് ശനിയാഴ്ചയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

Man sentenced to death in saudi for smuggling drugs
Author
First Published Nov 22, 2022, 8:46 AM IST

റിയാദ്: നിരോധിത ലഹരി ഗുളികകള്‍ കടത്തിയ യുവാവിന് സൗദി അറേബ്യയില്‍ വധശിക്ഷ. രാജ്യത്തിന്റെ ജോര്‍ദാനുമായുള്ള വടക്കന്‍ അതിര്‍ത്തിക്ക് സമീപം നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിനാണ് യുവാവിന് ശിക്ഷ വിധിച്ചത്. സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് ബിന്‍ സൗദ് അല്‍ റുവൈലി എന്ന പൗരനെയാണ് ശിക്ഷിച്ചത്. നിയമവിരുദ്ധ വസ്തുക്കള്‍ കടത്തിയതിന് ശനിയാഴ്ചയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ജിദ്ദയില്‍ 3.7 കിലോ മെറ്റാംഫെറ്റാമൈന്‍ ഗുളികകളുമായി നിരവധി പാകിസ്ഥാനികളെയും ഒരു സ്വദേശി പൗരനെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. 

Read More -  പൈനാപ്പിളിനകത്ത് കഞ്ചാവ്; യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

കഴിഞ്ഞ ദിവസം ലഹരി ഗുളികകളും ആയുധങ്ങളുമായി യുവാവിനെ റിയാദില്‍ അറസ്റ്റ് ചെയ്തിരുന്നു. സൗദി പൗരനാണ് അറസ്റ്റിലായതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു. 1,38,000 ലഹരി ഗുളികകളും ഒമ്പതു തോക്കുകളും 625 വെടിയുണ്ടകളും രണ്ടു കത്തിയും യുവാവില്‍ നിന്ന് പിടിച്ചെടുത്തു. പ്രതിക്കെതിരായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ കൂട്ടിച്ചേര്‍ത്തു. 

മയക്കുമരുന്ന് ഗുളികകളുമായി രാജ്യത്ത് എത്തിയ നുഴഞ്ഞുകയറ്റക്കാരായ രണ്ട് എത്യോപ്യക്കാരെ മദീനയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 139 ലഹരി ഗുളികകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read More -  ഒമാനിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്ന മൂന്ന് വിദേശികള്‍ പിടിയില്‍

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി യില്‍ മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലഹരി ഗുളികകളുടെ വലിയ ശേഖരവുമായി സിറിയന്‍ പൗരന്‍ അബ്‍ദുല്ല ശാകിര്‍ അല്‍ഹാജ് ഖലഫ് എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളുടെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.  ലഹരിക്കടത്തിന് കടുത്ത ശിക്ഷയാണ് ലഭിക്കുന്ന സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ലഭിക്കുക. 

Follow Us:
Download App:
  • android
  • ios