കുവൈത്ത് സിറ്റി: മൂന്ന് പ്രവാസികള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ സ്വദേശി പൗരനെതിരെ കുവൈത്ത് അധികൃതര്‍ നിയമനടപടി തുടങ്ങി. 21കാരനായ സ്വദേശി യുവാവ് അമിതവേഗതയില്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ജോലി സ്ഥലത്തേക്കുള്ള വാഹനം കാത്തുനില്‍ക്കുകയായിരുന്ന പ്രവാസികള്‍ക്ക് നേരേയാണ് കാര്‍ പാഞ്ഞുകയറിയത്.

അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ മുബാറക് അല്‍ കബീല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഇന്ത്യന്‍, ബംഗ്ലാദേശ് പൗരന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘത്തിലെ ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ കാറോടിച്ച സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.