Asianet News MalayalamAsianet News Malayalam

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്‍ത് 44 ലക്ഷം വാങ്ങിയ ശേഷം ഒഴിവാക്കി: യുവാവിനെതിരായ കേസില്‍ വിധി

യുഎഇയില്‍ വെച്ച് പരിചയപ്പെട്ട ഇരുവരുടെയും സൗഹൃദം വളര്‍ന്ന് പിന്നീട് വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യുവാവ് തന്റെ സാമ്പത്തിക പരാധീനതകള്‍ യുവതിക്ക് മുന്നില്‍ നിരത്തി. 

Man takes 44 lakhs from woman for wedding and married to someone else in UAE
Author
First Published Dec 3, 2022, 11:15 AM IST

അല്‍ ഐന്‍: ഒരു യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി 44 ലക്ഷം രൂപ വാങ്ങിയ ശേഷം മറ്റൊരു സ്‍ത്രീയെ വിവാഹം ചെയ്‍ത പുരുഷനെതിരെ യുഎഇ കോടതിയുടെ വിധി. വാങ്ങിയ പണവും കോടതി ചെലവും തിരിച്ച് കൊടുക്കണമെന്നാണ് അല്‍ ഐന്‍ സിവില്‍ കോടതി ഉത്തരവിട്ടത്. യുഎഇയില്‍ ജോലി ചെയ്യുന്ന ഒരു ഗള്‍ഫ് പൗരനെതിരെ അതേ നാട്ടുകാരിയായ യുവതിയാണ് കോടതിയെ  സമീപിച്ചത്.

യുഎഇയില്‍ വെച്ച് പരിചയപ്പെട്ട ഇരുവരുടെയും സൗഹൃദം വളര്‍ന്ന് പിന്നീട് വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യുവാവ് തന്റെ സാമ്പത്തിക പരാധീനതകള്‍ യുവതിക്ക് മുന്നില്‍ നിരത്തി. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചെലവ് വഹിക്കാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കില്ലെന്നായിരുന്നു യുവാവ് പറഞ്ഞത്. ദീര്‍ഘകാലമായുള്ള പരിചയവും ബന്ധത്തില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും വിശ്വസിച്ച യുവതി പണം നല്‍കാമെന്ന് സമ്മതിച്ചു.

രണ്ട് ലക്ഷം ദിര്‍ഹമാണ് (44 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) തന്റെ അക്കൗണ്ടില്‍ നിന്ന് യുവതി ഇയാള്‍ക്ക് ട്രാന്‍സ്‍ഫര്‍ ചെയ്‍ത് നല്‍കിയത്. എന്നാല്‍ പണം കിട്ടിയതിന് തൊട്ടുപിന്നാലെ യുവാവ് തന്നെ അവഗണിക്കാന്‍ തുടങ്ങിയെന്നും ഫോണ്‍ കോളുകള്‍ എടുക്കാതെയായെന്നും പരാതിയില്‍ പറയുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇയാള്‍ മറ്റൊരു സ്‍ത്രീയെ വിവാഹം ചെയ്തുവെന്നും കണ്ടെത്തി.

ഇതോടെയാണ് യുവാവിനെതിരെ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. താന്‍ കൊടുത്ത പണം തിരികെ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട ശേഷം യുവാവ് വാങ്ങിയ മുഴുവന്‍ പണവും തിരികെ നല്‍കണമെന്നും യുവതിയുടെ കോടതി ചെലവും കൂടി വഹിക്കണമെന്നും ജഡ്ജി ഉത്തരവിടുകയായിരുന്നു.

Read also: ബഹ്റൈനിലെ ജയിലില്‍ കലാപമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമം; അഞ്ച് തടവുകാര്‍ക്കെതിരെ നടപടി

Follow Us:
Download App:
  • android
  • ios