അബുദാബി: പരസ്പരം അപമാനിക്കാനായി വാട്സാപ്പിലൂടെ സ്വകാര്യ ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളും അയച്ച് യുവാവിന്‍റെ ഭാര്യമാര്‍. യുഎഇയില്‍ യുവാവിന്‍റെ രണ്ടുഭാര്യമാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടതാണ് ആദ്യ ഭാര്യയെ ചൊടിപ്പിച്ചത്. ഇതോടെ ക്ഷുഭിതയായ ഇവര്‍ ഭര്‍ത്താവിന്‍റെ ഫോണില്‍ നിന്നും രണ്ടാം ഭാര്യയോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് ഇവര്‍ ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളും വാട്സാപ്പിലൂടെ അയച്ച് രണ്ടാം ഭാര്യയെ നിരന്തരം അപമാനിക്കുകയായിരുന്നു.

കേസ് കോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതായി ആദ്യ ഭാര്യ സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിന്‍റെ ഫോണില്‍ നിന്നും ചിത്രങ്ങള്‍ കോപ്പി ചെയ്തെന്ന ആരോപണം ഇവര്‍ നിഷേധിച്ചു. രാജ്യത്തിന് പുറത്തുള്ള അഞ്ജാത വ്യക്തിയില്‍ നിന്നാണ് തനിക്ക് ചിത്രങ്ങള്‍ ലഭിച്ചതെന്നായിരുന്നു ഇവരുടെ വാദം.

ഭര്‍ത്താവിനെ തന്നില്‍ നിന്ന് അകറ്റാനാണ് രണ്ടാം ഭാര്യ ശ്രമിച്ചതെന്നും ഇതുവഴി താനും മക്കളും ഒറ്റപ്പെടുമെന്നും ആദ്യ ഭാര്യ കോടതിയെ അറിയിച്ചു. ഏഴുമാസങ്ങളായി ഭര്‍ത്താവ് വീട്ടില്‍ നിന്നും മാറി രണ്ടാം ഭാര്യയുടെ കൂടെയാണ് താമസമെന്നും ഇവര്‍ പറഞ്ഞു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി കേസില്‍ വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് നീട്ടി വെച്ചു.