ദുബായ്: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയും രോഗികളിലധികപേരും രോഗമുക്തരാവുകയും ചെയ്തതോടെ ആശുപത്രികള്‍ കൊവിഡ് മുക്തമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ആശുപത്രികളാണ് കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചത്. ദുബായില്‍ മാത്രം നേരത്തെ കൊവിഡ് ചികിത്സ നല്‍കിയിരുന്ന ഒരു ഡസനിലേറെ ആശുപത്രികള്‍ ഇപ്പോള്‍ കൊവിഡ് മുക്തമാണ്.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ച 50,141 പേരില്‍ 39,153 രോഗികളും സുഖംപ്രാപിച്ചു. ആകെ രോഗികളില്‍ 78 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. 318 പേരാണ് മരണപ്പെട്ടത്. രോഗികളുടെ എണ്ണം വലിയതോതില്‍ കുറഞ്ഞതോടെ യുഎഇയില്‍ ജനജീവിതം ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. തെരഞ്ഞടുക്കപ്പെട്ട ആശുപത്രികളില്‍ മാത്രമാണ് ഇപ്പോള്‍ കൊവിഡ് ചികിത്സ. മറ്റ് ആശുപത്രികളെല്ലാം കൊവിഡ് മുക്തമായി പ്രഖ്യാപിക്കപ്പെട്ടു.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അവസാനത്തെ രോഗിയും ആശുപത്രി വിട്ടശേഷം, ആശുപത്രി സംവിധാനങ്ങള്‍ അണുവിമുക്തമാക്കും. ഇതിന്ശേഷം ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ  പരിശോധനയുണ്ട്. നടപടികള്‍ തൃപ്തതികരമാണെങ്കില്‍ ആശുപത്രിയെ കൊവിഡ് മുക്തമാക്കി പ്രഖ്യാപിക്കും. കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ തോതില്‍ മാത്രം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും പാര്‍പ്പിക്കാന്‍ നിരവധി ഹോട്ടലുകളും തയ്യാറാക്കിയിരുന്നു. ഇവയെല്ലാം ഇപ്പോള്‍ അണുവിമുക്തമാക്കി വിനോദസഞ്ചാരികളടക്കമുള്ള അതിഥികളെ സ്വീകരിക്കാന്‍ തയ്യാറായിക്കളിഞ്ഞു.