സീസണൽ ഇൻഫ്ലുവൻസ പകരുന്ന സാധാരണ മാർഗങ്ങളിലൊന്നാണ് ശ്വസനം. ഒത്തുചേരലുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാണ്.

റിയാദ്: സീസണൽ ഇൻഫ്ലുവൻസ ബാധിച്ചവർ ചുറ്റുമുള്ളവരെ സംരക്ഷിക്കാൻ മാസ്ക് ധരിക്കേണ്ടത് പ്രധാന ബാധ്യതയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ശ്വസിക്കുന്നതിലൂടെയുള്ള അണുബാധ സാധ്യത കുറയ്ക്കുന്ന സംരക്ഷണ കവചമാണ് മാസ്ക്. 

സീസണൽ ഇൻഫ്ലുവൻസ പകരുന്ന സാധാരണ മാർഗങ്ങളിലൊന്നാണ് ശ്വസനം. ഒത്തുചേരലുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാണ്. അണുബാധ ലക്ഷണങ്ങളുള്ള ആളുകളുമായി ഇടപഴകുമ്പോഴും പകർച്ച സാധ്യത കൂടുതലായതിനാൽ മാസ്ക് ധരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘നിങ്ങൾ ആഗ്രഹിക്കാത്ത നിമിഷം’ എന്ന തലക്കെട്ടിൽ സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരെ വാക്‌സിനേഷൻ ബോധവത്കരണ കാമ്പയിൻ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 

രോഗം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, ഗർഭിണികൾ തുടങ്ങിയ വിഭാഗങ്ങൾ, പുറമെ ആരോഗ്യമേഖലയിലെ പ്രവർത്തകർ, പൊതുസമൂഹം എന്നിവരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്. വാക്സിനേഷൻ സുരക്ഷിതമാണെന്നും പാർശ്വഫലങ്ങളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More - മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ ദിവസം തന്നെ മലയാളി സൗദിയില്‍ മരിച്ചു

അതേസമയം യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി. കൊവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമായതോടെയാണ് രണ്ടര വര്‍ഷത്തോളമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചത്. തിങ്കളാഴ്ച (നവംബര്‍ 7) രാവിലെ ആറു മണി മുതല്‍ നിയന്ത്രണം ഒഴിവാക്കിയത് നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. 

മാസ്ക് ധരിക്കുന്നതില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടത് ഇനി മുതല്‍ നിര്‍ബന്ധമല്ല. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലും നിശ്ചയദാര്‍ഡ്യമുള്ളവരുടെ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമല്ല. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലേക്കും പ്രവേശിക്കുന്നതിന് അല്‍ ഹൊസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 

Read More - പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം; കണ്ണൂരില്‍ നിന്ന് നേരിട്ടുള്ള സര്‍വീസിന് തുടക്കം

വാക്സിനേഷൻ സ്വീകരിച്ചതിൻറെയും കൊവിഡ് പരിശോധനാ ഫലങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം മാത്രമായിരിക്കും ഇനി മുതൽ അൽ ഹൊസൻ ആപ്ലിക്കേഷൻ. കൊവിഡ് പരിശോധന കേന്ദ്രങ്ങളും ചികിൽസാ കേന്ദ്രങ്ങളും പ്രവര്‍ത്തനം പതിവു രീതിയിൽ തുടരും.