ഖത്തറിലെ നാഷണൽ ഓതന്റിക്കേഷൻ സംവിധാനമായ 'തൗതീഖിന്റെ' പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം.
ദോഹ: വിശ്വാസ്യതയുള്ള ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്ന ഖത്തറിലെ നാഷണൽ ഓതന്റിക്കേഷൻ സംവിധാനമായ 'തൗതീഖിന്റെ' (Tawtheeq) പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എം.സി.ഐ.ടി). മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരവും സുപ്രധാന ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചത്.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് രേഖകളും കൈക്കലാക്കാൻ ലക്ഷ്യമിട്ട് തൗതീഖിന്റെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് നിർമ്മിച്ച വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും സജീവമാണെന്ന് മന്ത്രാലയം കണ്ടെത്തി. ഔദ്യോഗിക അറിയിപ്പുകൾ എന്ന വ്യാജേന അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ പാസ്‌വേഡുകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും തട്ടിപ്പുകാർ ചോർത്തുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തൗതീഖ് സേവനങ്ങൾക്കായി www.nas.gov.qa എന്ന ഔദ്യോഗിക വെബ്സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകൾക്കോ സന്ദേശങ്ങൾക്കോ തൗതീഖ് അക്കൗണ്ട് വിവരങ്ങൾ നൽകരുത്. സർക്കാർ ഏജൻസികൾ ഒരിക്കലും ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളോ ഒ.ടി.പിയോ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് മന്ത്രാലയം അറിയിപ്പിൽ പറയുന്നു.
അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും ഫോൺ കോളുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ പാസ്‌വേഡ്, ഒടിപി, ബാങ്ക് വിവരങ്ങൾ എന്നിവ പങ്കുവെക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംശയകരമായ ലിങ്കുകൾ ലഭിക്കുകയോ തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഖത്തറിലെ ഡിജിറ്റൽ സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സുരക്ഷാ നിർദ്ദേശങ്ങൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കാവുന്നതാണ്.


