തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയായ കരിമഠം കോളനി സ്വദേശി ഷമീർ അറസ്റ്റിലായി. പ്രതിക്ക് സിപിഎം നേതൃത്വവുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി. ഒന്നാം പ്രതി സുരേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ഓട്ടോയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാംപ്രതിയും അറസ്റ്റിലായി. കരിമഠം കോളനി സ്വദേശി ഷമീർ ആണ് ഫോർട്ട് പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം രാത്രികാലങ്ങളിൽ പ്രദേശത്ത് മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ നഗരസഭ നിയോഗിച്ച ജീവനക്കാരായ കരമന സ്വദേശികളായ സുരേഷ്, രാഹുൽ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. തകരപ്പറമ്പിന് സമീപം ആമയിഴഞ്ചാൻ തോടിന്‍റെ ഭാഗത്ത് ഓട്ടോറിക്ഷയിലെത്തിയ രണ്ടംഗ സംഘം മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ട് വാഹനം പിന്തുടർന്നതോടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം. സംഭവത്തിൽ ഒന്നാം പ്രതി കരിമഠം കോളനി സ്വദേശി സുരേഷ് തിങ്കളാഴ്ച അറസ്ററിലായി റിമാൻഡ് ചെയ്തിരുന്നു.
ഇയാൾ മുൻപും സമാനമായ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2025-ൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിന് ജീവനക്കാരനെ ആക്രമിച്ച കേസിലാണ് ഇയാൾ പ്രതിയായത്. ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കാനാനുള്ള നടപടികളിലാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഷമീറിന് സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്ന് ബിജെപി ആരോപിച്ചു.
ഇയാൾ ചാലയിലെ സിപിഎം പ്രവർത്തകനാണെന്ന് മേയർ വി.വി രാജേഷ് പറഞ്ഞു. കോർപ്പറേഷൻ ഭരണസമിതി കഴിഞ്ഞ 6 മാസത്തിനിടെ വലിയ സ്വീകാര്യത നേടി മുന്നേറുമ്പോൾ, അതിനെ അട്ടിമറിക്കാൻ 45 വർഷം ഭരിച്ച സിപിഎം അവരുടെ പ്രവർത്തകരെ ഇറക്കി നഗരത്തിൽ എമ്പാടും മാലിന്യം വലിച്ചെറിയിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറയുന്നു. ഷമീറിനൊപ്പം സിപിഎമ്മിന്‍റെ ചാല ഏരിയാ സെക്രട്ടറി സുന്ദർ നിൽക്കുന്ന ചിത്രവും ബിജെപി പുറത്തുവിട്ടു.


