ഖത്തർ ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവുമാണ് മെഗാ ലേലം സംഘടിപ്പിക്കുന്നത്. 

ദോഹ: ഖത്തറിലെ വിവിധ സർക്കാർ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച​ ശേ​ഷം ഡീകമ്മീഷൻ ചെ​യ്ത വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ലേലത്തിൽ സ്വന്തമാക്കാൻ അവസരം. ഖത്തർ ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവുമാണ് ഈ ലേലം സംഘടിപ്പിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ ലേലം ജൂൺ 16-നും ആഭ്യന്തര മന്ത്രാലയത്തിന്റെ ലേലം 22-നും ആരംഭിക്കും.

ഹെവി വാഹനങ്ങൾ ഉൾപ്പെടെ 288 വാഹനങ്ങളാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലത്തിലുള്ളത്. അൽ വക്ര മുനിസിപ്പാലിറ്റി തിയേറ്ററിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ഈ ലേലം ജൂൺ 19 വ്യാഴാഴ്ച വരെ തുടരും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച 3.30 മു​ത​ലാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത് വ​രെ ലേ​ലം തു​ട​രും. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ലേ​ല സ​മ​യ​ത്ത് വ​ക്റ മു​നി​സി​പ്പാ​ലി​റ്റി തി​യേ​റ്റ​റി​ൽ നേ​രി​ട്ടെ​ത്തി ലേ​ല പ​ങ്കാ​ളി​ത്ത കാ​ർ​ഡ് നേ​ട​ണം.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലത്തിൽ വിജയിക്കുന്നവർ ലേല തുകയുടെ 20% ഇലക്ട്രോണിക് പേയ്‌മെന്റ് വഴി നിക്ഷേപമായി നൽകണം. ബാക്കി തുക വിൽപ്പന തീയതി മുതൽ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണം. വാഹനങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യം, വാദി അബ സലീൽ ഏരിയയിലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെഹിക്കിൾ കളക്ഷൻ യാർഡിൽ ലേലമുള്ള എല്ലാ ദിവസവും രാവിലെ 8 മുതൽ 11 വരെ ലഭ്യമാണ്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലത്തിൽ കാറുകളോ ബൈക്കുകളോ ഉൾപ്പെടില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ ലേലത്തിൽ മന്ത്രാലയം ഉപയോഗിച്ച് ഡി-രജിസ്റ്റർ ചെയ്ത കാറുകൾ, ബൈക്കുകൾ, അവയുടെ സ്‌പെയർ പാർട്‌സുകൾ എന്നിവയാണ് ലേലത്തിലുള്ളത്. ജൂൺ 22-ന് ആരംഭിക്കുന്ന ലേലം വാഹനങ്ങൾ പൂർണ്ണമായും വിറ്റഴിയുന്നത് വരെ തുടരും. വൈകുന്നേരം 4 മുതൽ 8 വരെയാണ് ലേല സമയം. ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ ഒന്നിൽ, വർക്ക്ഷോപ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന് സമീപമാണ് ലേലം നടക്കുക.

വാഹനങ്ങൾ നേരിട്ട് കണ്ട് പരിശോധിക്കുന്നതിനുള്ള സൗകര്യം ജൂൺ 17 മുതൽ 19 വരെ വൈകുന്നേരം 4 മുതൽ 6 വരെ ലഭ്യമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 3000 റിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവയ്ക്കണം. ലേലത്തിൽ വാഹനം ലഭിക്കുകയാണെങ്കിൽ, തുക 15,000 റിയാലിന് മുകളിലാണെങ്കിൽ 30% തുകയും, 15000 റിയാലിന് താഴെയാണെങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ അടയ്ക്കണം.