ദുബായ്: യുഎഇയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങള്‍ മേഘാവൃതമായേക്കും. ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ചിട്ടുണ്ട്.

ചൂട് കൂടിയതോടെ ജൂണ്‍ 15 മുതല്‍ രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രാബല്യത്തിലുണ്ട്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് വിലക്ക്. സെപ്തംബര്‍ 15 വരെ നിയന്ത്രണം തുടരും. എന്നാല്‍ അത്യാവശ്യ ജോലികള്‍ക്ക് ഇളവ് ലഭിക്കും. 

സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും നല്‍കണം. കൊവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ക്കും പ്രഥമ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും പുറമെയാണിത്. ഒരു ദിവസത്തെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുതെന്നാണ് നിര്‍ദ്ദേശം. കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഇത് ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണം.