മിഷിഗണ്‍: നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ നീണ്ട വിവാഹജീവിതത്തിന് ശേഷം ദമ്പതികള്‍ കൊവിഡ് ബാധിച്ച് ഒരേ ദിവസം മരിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് കൊവിഡ് ബാധിച്ച് ദമ്പതികള്‍ മരിച്ചത്.

35 വര്‍ഷത്തോളം നഴ്‌സായി സേവനമനുഷ്ഠിച്ച പട്രീഷ(78)യ്ക്കാണ് ആദ്യം കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇവര്‍. ഒരാഴ്ചയ്ക്ക് ശേഷമാണ് ട്രക്ക് ഡ്രൈവറായ ഭര്‍ത്താവ് ലസ്‍‍‍ലിക്ക്(75) രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും ആംബുലന്‍സില്‍ ഒരേ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സ തുടരുന്നതിനിടെ കൊവിഡ് മൂര്‍ച്ഛിച്ച് നവംബര്‍ 24ന് ഇരുവരുടെയും അന്ത്യം സംഭവിക്കുകയായിരുന്നു. നവംബര്‍ 24ന് വൈകിട്ട് 4.23നാണ് ഇരുവരുടെയും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തിയത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. മാതാപിതാക്കളുടെ ജീവിതം സന്തോഷകരവും മാത്യകാപരവുമായിരുന്നെന്ന് മക്കളിലൊരാളായ ജൊവേന പറഞ്ഞു.