ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തുക.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചസമയത്തെ ജോലി വിലക്ക് ജൂൺ ആദ്യം മുതൽ. പതിവ് അനുസരിച്ച്, ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെ ദിവസവും നിരോധിച്ചുകൊണ്ടുള്ള അഡ്മിനിസ്ട്രേറ്റീവ് റെസല്യൂഷൻ നമ്പർ 535/2015 നടപ്പാക്കാൻ മാൻപവർ അതോറിറ്റി പരിശോധനാ ടീമുകളെ തയ്യാറാക്കുകയാണ്.
നിയമലംഘനങ്ങൾ നിരീക്ഷിക്കാനും രേഖപ്പെടുത്താനും നിയമനടപടി സ്വീകരിക്കാനും അവർ ജോലിസ്ഥലങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തും. ഈ കാലയളവിലെ കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഉച്ചജോലി വിലക്കിന്റെ ലക്ഷ്യമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. വർഷത്തിലെ ഈ സമയം തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് കഠിനമായ കാലാവസ്ഥ കാരണം ബുദ്ധിമുട്ടാണ്. അല്ലാതെ ജോലി സമയം കുറയ്ക്കാനല്ല എന്നും അധികൃതർ സൂചിപ്പിച്ചു. നടപ്പാക്കുന്ന പദ്ധതികൾക്ക് യാതൊരു ദോഷവും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.


