എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ മിന ലിങ്ക് ബോട്ട് സർവീസുകൾ ഉണ്ടായിരിക്കും.
ദോഹ: ഓൾഡ് ദോഹ പോർട്ടിൽ മിന ഡിസ്ട്രിക്റ്റിനെയും കണ്ടയ്നർ യാർഡിനെയും ബന്ധിപ്പിച്ചുകൊണ്ട് 'മിന ലിങ്ക്' എന്ന പേരിൽ പുതിയ ബോട്ട് സർവീസ് ആരംഭിച്ചു. ബ്രൂക്ക് ടൂറിസവുമായി സഹകരിച്ചാണ് പുതിയ സർവീസ് നടത്തുന്നത്. പഴയ ദോഹ തുറമുഖത്തിന്റെ സൗന്ദര്യം ആസ്വദിച്ച് കടലിൽ യാത്ര ചെയ്യാനുള്ള മികച്ച അവസരമാണ് പുതിയ ബോട്ട് സർവീസിലൂടെ യാത്രക്കാർക്ക് ലഭിക്കുക.
സുഹൃത്തുക്കൾക്കൊപ്പമുള്ള ഉല്ലാസയാത്രകൾക്കും കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കുന്നവർക്കും കടൽക്കാറ്റ് ആസ്വദിച്ച് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് 'മിന ലിങ്ക്' ഒരുക്കുന്നതെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി. എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ മിന ലിങ്ക് ബോട്ട് സർവീസുകൾ ഉണ്ടായിരിക്കും.
കണ്ടെയ്‌നേഴ്‌സ് യാർഡിലെയും മിന കോർണിഷിലെയും ബ്രൂക്ക് ടൂറിസം ഓഫീസ് വഴി ടിക്കറ്റുകൾ ലഭിക്കും. കൂടാതെ, ചൂട് കൂടിയ കാലാവസ്ഥ പരിഗണിച്ച് മിന മേഖലയിലേക്കുള്ള വാഹന പ്രവേശനം ഒക്ടോബർ വരെ നീട്ടിയിട്ടുണ്ട്. ഇതനുസരിച്ച്, ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ മിന ഡിസ്ട്രിക്റ്റിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
