റിയാദ്: ഇത്തവണ ഹജ്ജിൽ പരമാവധി പതിനായിരം തീർഥാടകർക്ക് മാത്രമായിരിക്കും അനുമതിയെന്ന് സൗദി അറേബ്യയുടെ ഹജ്ജ് ഉംറകാര്യ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദൻ അറിയിച്ചു. ഹജ്ജ് നടത്താനുള്ള തീരുമാനത്തെ തുടർന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത്തവണത്തെ ഹജ്ജ് നടപടികളെ കുറിച്ച് വിശദീകരിച്ചത്. 

പ്രത്യേക പ്രവർത്തന പദ്ധതിയായിരിക്കും ഇത്തവണ ഹജ്ജ് നടത്തിപ്പിന്. ഹജ്ജ് സുരക്ഷിതവും ആരോഗ്യകരവുമായിരിക്കും. ഇതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കും. തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിന് നയതന്ത്ര മിഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും കർമങ്ങൾ. വലിയ ജനക്കുട്ടമാകുന്നത് ഒഴിവാക്കും. വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം നൽകില്ല.  

കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ബോധ്യപ്പെടുത്തിയാൽ വിദേശത്തുനിന്ന് തീർഥാടകർക്ക് ഹജ്ജിനെത്താമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സാധ്യമല്ല, അനുവദിക്കില്ല എന്ന മറുപടിയാണ് ഹജ്ജ് മന്ത്രി നൽകിയത്. എന്നാല്‍‌‍ സൗദി അറേബ്യയിൽ നിലവിലുള്ള ഏത് വിദേശ രാജ്യക്കാരനും ഹജ്ജില്‍ പങ്കെടുക്കാം എന്നും മന്ത്രി വ്യക്തമാക്കി.

ഹജ്ജിന് അവസരം 65 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി ആരോഗ്യമന്ത്രി