വിമാനത്താവളത്തിലേക്ക് പോകുേമ്പാൾ താമസ കരാറില്ലാതെ തീർഥാടകരെ അയക്കരുത്.
റിയാദ്: വിദേശത്ത് നിന്നെത്തിയ ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരിന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന് നിർദേശം. പുതിയ ഉംറ സീസണിലെ മുഴുവൻ ഉംറ സർവിസ് കമ്പനികൾക്കാണ് മന്ത്രാലയം ഈ നിർദേശം നൽകിയത്. തീർഥാടകൻ മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനുള്ളിൽ ‘നുസ്ക്’ ആപ്പിലൂടെയാണ് വിവരം അറിയിക്കേണ്ടത്. പ്രവേശന സ്റ്റാമ്പ് രേഖപ്പെടുത്തിയ തീർഥാടകന്‍റെ പാസ്പോർട്ടിന്‍റെ പകർപ്പും മന്ത്രാലയത്തിന് നൽകിയിരിക്കണം.
രാജ്യത്തെ കര, കടൽ, വ്യോമ പ്രവേശനകവാടങ്ങളിൽ എത്തിയ ഉടനെ തീർഥാടകനെ കാണാതായാലും 24 മണിക്കൂറിനുള്ളിൽ മന്ത്രാലയത്തെ അറിയിക്കണം. മക്കയിൽനിന്ന് തീർഥാടകരെ നേരിട്ട് മദീന വിമാനത്താവളത്തിലേക്കോ, മദീനയിൽനിന്ന് തീർഥാടകരെ നേരിട്ട് മക്കയിലേക്കോ അയക്കുന്നതിന് മുമ്പ് അവിടങ്ങളിൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും താമസിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്നും സർവിസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുമ്പോൾ താമസ കരാറില്ലാതെ തീർഥാടകരെ അയക്കരുത്.
Read Also - ഉംറ തീര്‍ത്ഥാടകര്‍ക്ക് നടപടികള്‍ ഇനി കൂടുതല്‍ എളുപ്പത്തില്‍; വിസ ഓൺലൈനായി ലഭിക്കും
ഉംറ വിസക്ക് അപേക്ഷിക്കാൻ സമഗ്ര ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്ന നിബന്ധനയുണ്ട്. പ്രവേശന തീയതി മുതൽ 90 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കണം പോളിസി. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സഹകരണ ആരോഗ്യ ഇൻഷുറൻസ് കൗൺസിലിെൻറ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യങ്ങൾക്കനുസരിച്ച് തീർഥാടകർക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും.
Read Also - വിദേശ ഉംറ തീർഥാടകർ നിശ്ചിത സമയത്തിനുള്ളിൽ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം
അതേസമയം ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി 18 വയസ്സാണ്. സൗദിയിലെത്തിയാൽ താമസം, യാത്ര, ഇൻഷുറൻസ് മറ്റു സേവനങ്ങൾ എന്നിവ പാക്കേജിൽ ബുക്ക് ചെയ്യണം. ഉംറ തീർഥാടകരുടെ താമസ കാലാവധി പരമാവധി 90 ദിവസമാണ്. പരമാവധി അടുത്ത ദുൽഖഅ്ദ 29 വരെയാണ്. അത്രയും ദിവസത്തേക്കുള്ള സേവനങ്ങളാണ് ബുക്ക് ചെയ്യേണ്ടത്. നിലവിൽ 350 ഉംറ കമ്പനികൾക്കാണ് ലൈസൻസ് അനുവദിച്ചിട്ടുള്ളത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ അത് 550 ആയി ഉയരും. മുൻ വർഷങ്ങളിലെ സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഉംറ കമ്പനികളെ എ ബി സി എന്നീ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
വിസ ലഭിച്ച ശേഷം തീർഥാടകർ സൗദിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ നുസുക് ആപ്ലിക്കേഷൻ വഴി ഉംറക്കും റൗദ ശരീഫിൽ നമസ്‌കാരത്തിനും ബുക്ക് ചെയ്യണം. ഉംറക്ക് തസ് രീഹ് എടുത്ത് ആറു മണിക്കൂറിനകം സൗദി അറേബ്യയിൽ പ്രവേശിക്കണം. യാത്രാ ഷെഡ്യൂളുകളിൽ മാറ്റം വരികയാണെങ്കിൽ ബുക്കിംഗ് കാൻസൽ ചെയ്ത് പിന്നീട് സമയക്രമത്തിനനുസരിച്ച് വീണ്ടും ബുക്ക് ചെയ്യാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

