2018 ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ തീരുമാനം. ഇതുവഴി ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും

ദോഹ: ഖത്തറിൽ വ്യാപാര സ്​ഥാപനങ്ങൾക്ക് വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ ഡിസ്​കൗണ്ട്​ വിൽപന അനുവദിച്ചുകൊണ്ട്​ നിയമഭേദഗതി വരുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ ചില്ലറ വിൽപന മേഖലക്ക്‌ ഉത്തേജനം പകരുന്നതാണ് പുതിയ പ്രഖ്യാപനം. ഡിസ്കൗണ്ട് വിൽപന സംബന്ധിച്ച 2018 ലെ മന്ത്രിതല തീരുമാനത്തിലെ വ്യവസ്ഥകളിലാണ് ഇപ്പോൾ ഭേദ​ഗതി വരുത്തിയിരിക്കുന്നത്. ഭേദ​ഗതി പ്രകാരം വർഷത്തിൽ പരിധികളില്ലാതെ വ്യാപാര സ്​ഥാപനങ്ങൾക്ക്​ വിലക്കിഴിവ്​ ഉൾപ്പെടെയുള്ള പ്രമോഷനുകൾ പ്രഖ്യാപിച്ച്​ വ്യാപാരം നടത്താം.

സാമൂഹിക മാധ്യമങ്ങളിലൂടെ മ​ന്ത്രാലയം പങ്കുവെച്ച നിർദേശങ്ങൾ പ്രകാരം വർഷത്തിൽ ഒന്നിലധികം ഡിസ്​കൗണ്ട്​ വിൽപനകൾ നടത്തുന്നതിനും ​ഒപ്പം ഡിസ്കൗണ്ട് വിൽപനകൾ പല കാലയളവിൽ നടത്തുന്നതിനും വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസിനായി അപേക്ഷിക്കാം. ഉപഭോക്താക്കൾക്ക് പരമാവധി ​ഗുണം ചെയ്യുന്ന രീതിയിൽ ഓരോ ലൈസൻസിന്‍റെയും കാലാവധി മന്ത്രാലയത്തിന് നിർണയിക്കാനാകും. വർഷം മുഴുവനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഷോപ്പിംഗ് നടത്താൻ കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ട് വാണിജ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പഹൽഗാം ഭീകരാക്രമണം; ഇന്ത്യയുടെ ദുഃഖത്തിനൊപ്പം ചേർന്ന് ഖത്തർ, ശക്തമായി അപലപിച്ചു

അതിനിടെ ഖത്തറിൽ നിന്നുള്ള മറ്റൊരു വാർത്ത ആവേശകരമായ കടൽ ഉത്സവമായ സിൻയാർ ഫെസ്റ്റിവലിന് സമാപനമായി എന്നതാണ്. ഖത്തറിലെ പ്രധാന സാംസ്കാരിക പരിപാടികളിലൊന്നായ സിൻയാർ ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പിനാണ് കതാറ കൾച്ചർ വില്ലേജിൽ അവസാനമായത്. ഏപ്രിൽ 16 ന് ആരംഭിച്ച ഫെസ്റ്റിവൽ ഏപ്രിൽ 25 നാണ് അവസാനിച്ചത്. പരമ്പരാ​ഗത മുത്തുവാരലായ ലിഫ, മത്സ്യബന്ധന രീതിയായ ഹദ്ദാഖ് എന്നീ മത്സരങ്ങളാണ് പ്രധാനമായും സെൻയാർ ഫെസ്റ്റിവലിന്റെ ഭാ​ഗമായി നടന്നത്. ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന വിവിധ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹാൻഡ് - ലൈൻ മത്സ്യബന്ധന മാർഗമായ ഹദ്ദാഖ് ആയിരുന്നു സെൻയാറിലെ പ്രധാന ആകർഷണം. ക്ഷമയും വൈദഗ്ധ്യവും ആവശ്യമുള്ള ഈ പരമ്പരാഗത രീതി ഉപയോഗിച്ച് ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്നതിനായി മത്സരാർത്ഥികൾ മാറ്റുരച്ചു. മത്സ്യബന്ധനത്തിലെ വൈദഗ്ധ്യവും പ്രധാന മത്സര വിഭാഗമായിരുന്നു. ഇത്തവണ 60 ടീമുകളിലായി 680 മത്സരാർത്ഥികൾ ഫെസ്റ്റിവലിൽ പങ്കെടുത്തു. ഖത്തറിന് പുറമെ മറ്റ് ജി സി സി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുത്തു. ഫെസ്റ്റിവൽ നടന്ന കതാറയിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം