Asianet News MalayalamAsianet News Malayalam

സൗദിയില്‍ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം തൊഴില്‍ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

സൗദിയിൽ വ്യവസായ സ്ഥാപങ്ങളിലേക്കുള്ള വിദേശികളുടെ സ്പോണ്‍സർഷിപ്പ് മാറ്റം തൊഴിൽ മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു

Ministry of Labor has suspended the sponsorship change in saudi arabia
Author
Saudi Arabia, First Published Nov 8, 2019, 12:19 AM IST

റിയാദ്: സൗദിയിൽ വ്യവസായ സ്ഥാപങ്ങളിലേക്കുള്ള വിദേശികളുടെ സ്പോണ്‍സർഷിപ്പ് മാറ്റം തൊഴിൽ മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. വ്യവസായ സ്ഥാപനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് ലെവി ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് വിദേശ തൊഴിലാളികളുടെ സ്പോണ്‍സർഷിപ്പ് മാറ്റം താൽക്കാലികമായി നിർത്തിവെച്ചത്.

വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ അഞ്ച് വർഷത്തേക്ക് ലെവിയിൽ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇതര മേഖലകളിൽ നിന്ന് തൊഴിലാളി പ്രവാഹം വ്യാവസായിക സ്ഥാപങ്ങളിലേക്കു ഉണ്ടാകാതിരിക്കാനാണ് ഈ മേഖലയിൽ വിദേശികളുടെ സ്പോസർഷിപ്പ് മാറ്റം താൽക്കാലികമായി നിർത്തിവെയ്ക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചത്.

എന്നാൽ സ്വദേശിവൽക്കരണ വ്യവസ്ഥകൾ അടക്കമുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി താമസിക്കാതെ വ്യവസായ സ്ഥാപനങ്ങളുടെ പേരിലേക്ക് വിദേശ തൊഴിലാളികളുടെ സ്പോണ്‍സർഷിപ്പ് മാറ്റം പുനഃസ്ഥാപിക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. വ്യവസായ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും കയറ്റുമതി ഉയർത്താനും വ്യാവസായിക ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരിക്കാനും ലക്ഷ്യമിട്ടാണ് ഈ മേഖലയിൽ ലെവി ഇളവ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.

ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്കു സമാന രീതിയിൽ നേരത്തെ ലെവി ഇളവ് അനുവദിച്ചിരുന്നു. ഇതിനകം അഞ്ച് വർഷം പദ്ധതി പ്രയോജനപ്പെടുത്തിയ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ആനുകൂല്യം അവസാനിച്ചിട്ടുണ്ട്. അഞ്ച് വർഷം പൂർത്തിയാക്കുന്നതുവരെ സ്ഥാപനങ്ങൾക്ക് ലെവി ഇളവ് അനുവദിക്കും.

Follow Us:
Download App:
  • android
  • ios