റിയാദ് പ്രവിശ്യയില്‍ പെട്ട മുസാഹ്മിയയില്‍ വീടിനു മുന്നില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതായി റിയാദ് പൊലീസ് അറിയിച്ചു

റിയാദ്: റിയാദ് പ്രവിശ്യയില്‍ പെട്ട മുസാഹ്മിയയില്‍ വീടിനു മുന്നില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതായി റിയാദ് പൊലീസ് അറിയിച്ചു. അമീറ എന്ന് പേരുള്ള പെണ്‍കുട്ടിയെ വീടിനു മുന്നില്‍ നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ഇതേക്കുറിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് സുരക്ഷ വകുപ്പുകള്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണങ്ങളിലൂടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും റിയാദ് പോലീസ് പറഞ്ഞു.

Read more: സൗദിയിൽ വ്യവസ്ഥകൾ പാലിക്കാത്ത ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

അതേസമയം, പണം കൈക്കലക്കാൻ പിടിച്ചുപറി നാടകം നടത്തിയ പ്രവാസികൾ അറസ്റ്റിലായ വാർത്തയും റിയാദിൽ നിന്ന് പുറത്തുവന്നു. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം കൈക്കലാക്കാന്‍ വേണ്ടി പിടിച്ചുപറി നാടകം നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ജിദ്ദയിലായിരുന്നു സംഭവം. 78,000 റിയാല്‍ ആണ് അഞ്ചംഗം സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ജിദ്ദയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് കേസിലെ മുഖ്യപ്രതി. സ്ഥാപനത്തിന്റെ പണവുമായി സഞ്ചരിക്കവെ നഗരത്തിലെ ഒരു ജനവാസ മേഖലയില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് തന്റെ കണ്ണില്‍ ചില രാസപദാര്‍ത്ഥങ്ങള്‍ സ്‍പ്രേ ചെയ്തുവെന്നും തുടര്‍ന്ന് പണവുമായി കടന്നുകളഞ്ഞെന്നും ഇയാള്‍ സ്ഥാപന മേധാവികളെ അറിയിക്കുകയായിരുന്നു. കമ്പനി പരാതി നല്‍കിയതു പ്രകാരം പൊലീസ് അന്വേഷണം നടത്തി.

മറ്റ് നാല് പേരുമായി ചേര്‍ന്ന് ഇയാള്‍ തന്നെ ആസൂത്രണം ചെയ്‍ത നാടകമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കിട്ടുന്ന പണത്തിന്റെ ഒരു വിഹിതമാണ് മറ്റ് നാല് പേര്‍ക്കും മുഖ്യപ്രതി വാഗ്ദാനം ചെയ്‍തിരുന്നത്. തുടര്‍ന്ന് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ എരിത്രിയന്‍ പൗരനും മറ്റ് നാല് പേര്‍ യെമനികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.