അബുദാബി: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ അല്‍ ഹൊസന്‍ കോട്ടയുടെ ഉദ്ഘാടനം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നിര്‍വഹിച്ചു. പോയ കാലത്തിന്റെ പൈതൃകം പേറുന്ന അല്‍ ഹൊസന്‍ കോട്ട അബുദാബിലെ ഏറ്റവും പഴക്കമേറിയ ചരിത്ര സ്മാരകമാണ്.

അബുദാബി ടൂറിസം-സാംസ്കാരിക വകുപ്പാണ് അല്‍ ഹൊസന്‍ കോട്ടയുടെ പുനരുദ്ധാരണം നടത്തിയത്. കൊട്ടാരത്തിന് പുറമെ നാഷണല്‍ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍, കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സ് എന്നിങ്ങനെ നാല് ഭാഗങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് കോട്ടയില്‍ പ്രവേശനം അനുവദിക്കും. പൂര്‍വികരും രാജ്യത്തിന്റെ സ്ഥാപകരും പകര്‍ന്നുതന്ന മൂല്യങ്ങള്‍ക്കൊപ്പം ആവേശം പകരുന്ന അവരുടെ ചരിത്രവും സംസ്കാരവും ഭാവി തലമുറയ്ക്കും തങ്ങള്‍ കൈമാറുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞു.

ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.