മസ്‌കറ്റ്: ഒമാനില്‍ ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ജിമ്മുകള്‍ എന്നിവ ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീം കമ്മറ്റി അനുമതി നല്‍കി. ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് അനുമതി നല്‍കിയത്.

ബാര്‍ബര്‍ഷോപ്പുകള്‍ക്ക് പുറമെ മെന്‍സ് പേഴ്‌സണല്‍ കെയര്‍ സ്ഥാപനങ്ങള്‍, സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി സലൂണുകള്‍, ഹെയര്‍ ഡ്രസിങ് സ്ഥാപനങ്ങള്‍ എന്നിവയും തുറക്കും. റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ബുധനാഴ്ച മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 

ആറുമാസത്തിന് ശേഷം ഒമാനിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കി

ഒട്ടകയോട്ട വേദികള്‍, ഹോട്ടലുകളിലെ മീറ്റിങ്-കോണ്‍ഫറന്‍സ് ഹാളുകള്‍, ജിമ്മുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍, ലേസര്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍, പരമ്പരാഗത മരുന്ന് ക്ലിനിക്കുകള്‍, വിവാഹ സാധനങ്ങള്‍ വില്‍ക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്ന കടകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനത്തിന് അനുമതി നല്‍കി. ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വേണം പ്രവര്‍ത്തനം നടത്താന്‍.