റിയാദ്​: ഇഖാമ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ജിദ്ദയിലും മക്കയിലും മാത്രമായി അഞ്ഞൂറിലേറെ ഇന്ത്യാക്കാർ പിടിയിലായി. സൗദി ആഭ്യന്തര മന്ത്രാലയം ഇതര വകുപ്പുകളുടെ സഹകരണത്തോടെ കർശന റെയ്​ഡാണ്​ നടത്തുന്നത്​. ഇന്ത്യാക്കാരുൾപ്പെടെ നിരവധി വിദേശികൾ പിടിയിലാകുന്നുണ്ട്​.

പരിശോധന വളരെ ശക്തമായ ജിദ്ദ, മക്ക മേഖലയിൽ നിന്ന്​ ഇതിനകം പിടിയിലായ 500ലേറെ ഇന്ത്യക്കാർ മക്കയിലെ ശുമൈസി നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ഇവരെ എത്രെയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിനിന്റെ തുടർച്ചയാണ്​ റെയ്​ഡ്​. ഈ വർഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിലും മക്കയിലും റെയ്​ഡ്​ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്​.

റിയാദിലും മറ്റ്​ പട്ടണങ്ങളിലും പരിശോധനകളുണ്ട്​. റിയാദിൽ വാണിജ്യ കേന്ദ്രമായ ബത്​ഹയിൽ ശക്തമായ നിരീക്ഷണമാണ്​. റോഡുകളിൽ കാൽനടക്കാരെയും വാഹനങ്ങളി​ൽ സഞ്ചരിക്കുന്നവരെയും പൊലീസ്​ പരിശോധിക്കുന്നുണ്ട്​. കടകളിൽ നിൽക്കുന്ന ജീവനക്കാരുടെ ഇഖാമയിൽ തൊഴിലുടമയുടെ പേരും തസ്​തികയുമാണ്​ പ്രധാനമായി പരിശോധിക്കുന്നത്​. ഇഖാമയ്​ക്ക്​ കാലാവധിയുണ്ടോ എന്ന പരിശോധനയുമുണ്ട്​.

ഹൗസ്​ ഡ്രൈവർ തസ്​തിക എന്ന്​ ഇഖാമയിൽ കണ്ടാൽ ഡ്രൈവിങ്​ ലൈസൻസുണ്ടോ എന്നും ചോദിക്കുന്നതായി പറയപ്പെടുന്നു. ഒരേ സ്പോൺസറുടെ കീഴിലല്ല, ഇഖാമയിൽ രേഖപ്പെടുത്തിയ തസ്​തികയിലല്ല ജോലി എന്ന്​ തെളിഞ്ഞാൽ കർശന നടപടിയാണ്​ സ്വീകരിക്കുന്നത്​. ഇക്കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്ക്​ പ്രകാരം രണ്ട് വര്‍ഷം കൊണ്ട് 44 ലക്ഷത്തിലധികം വിദേശി നിയമലംഘകരെ പിടികൂടിയിരുന്നു.

തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം, ജവാസാത്ത് വിഭാഗം ഉള്‍പ്പെടെ 19 മന്ത്രാലയങ്ങളെയും ഇതര സര്‍ക്കാര്‍ വകുപ്പുകളെയും സഹകരിപ്പിച്ചാണ്​ ആഭ്യന്തര മന്ത്രാലയം നിയമലംഘനത്തിനെതിരെ കാമ്പയിനും പരിശോധനയും നടത്തുന്നത്​. ഇഖാമ, തൊഴിൽ നിയമലംഘകരെയാണ് പരിശോധനയിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമലംഘകർക്ക് തൊഴിൽ, യാത്രാ, താമസ സഹായങ്ങൾ നൽകുന്നതും കുറ്റകരമാണ്.