റിയാദ്: കൊവിഡിനെതിരായ ഫൈസർ ബയോടെക് വാക്സിന്റെ അഞ്ച് ലക്ഷത്തിലേറെ ഡോസുകൾ സൗദി അറേബ്യയിലെത്തി. രണ്ടാമതൊരു വാക്സിൻ കൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്താൻ സാധ്യതയുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് നിലവിൽ നടന്നുവരുന്ന വാക്സിനേഷൻ കാമ്പയിനിന്റെ ആദ്യ ഘട്ടം ഈയാഴ്ച പൂർത്തിയാകും. രണ്ടാം ഘട്ടം അടുത്തയാഴ്ച ആരംഭിക്കും. നേരത്തെ തീരുമാനിച്ച പ്രകാരം ആദ്യ വിഭാഗത്തിനുള്ള കുത്തിവെപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുത്തിവെപ്പ് എടുക്കുന്നവരുടെ പ്രതിദിന എണ്ണം 50,000 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രാജ്യത്ത് എല്ലായിടങ്ങളിലും സജ്ജീകരിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുന്നതോടെ ഈ പ്രതിദിന കണക്കിലെത്തുക. മൂന്നാഴ്ചക്കുള്ളിൽ രാജ്യത്തെ എല്ലാ മേഖലകളിലും വാക്സിൻ എത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ നേരത്തെ വ്യക്തമാക്കിയിരുന്നു.