വിസയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ കാരണം കഴിഞ്ഞ 10 വർഷമായി നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ഹരിദാസ് ഒടുവിൽ ചേതനയറ്റ ശരീരമായി നാട്ടിലെത്തി. 35 വർഷമായി സൗദിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു.
റിയാദ്: വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം നീണ്ട ഒരു പതിറ്റാണ്ടുകാലം കാത്തിരുന്നിട്ടും ജന്മനാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന മലയാളി ഒടുവിൽ ചേതനയറ്റ ശരീരമായി നാട്ടിലെത്തി. തിരുവനന്തപുരം വർക്കല ജനാർദ്ദനപുരം ‘ശ്രീ ജനാർദ്ദനം’ വീട്ടിൽ ആർ. ഹരിദാസിന്‍റെ (57) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള റഫിയയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഹരിദാസിന്‍റെ അന്ത്യം.
കഴിഞ്ഞ 35 വർഷമായി സൗദിയിൽ ഒരു സ്വദേശി പൗരന് കീഴിൽ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. പ്രവാസത്തിെൻറ നീണ്ട വർഷങ്ങൾക്കൊടുവിൽ പ്രിയപ്പെട്ടവരെ കാണാൻ ആഗ്രഹിച്ചെങ്കിലും വിസയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞ 10 വർഷമായി അദ്ദേഹത്തിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഒടുവിൽ പ്രവാസ മണ്ണിൽ വെച്ച് മരണം കീഴടക്കുകയായിരുന്നു.
എം.എസ്. ശ്രീകലയാണ് ഭാര്യ. നിതിൻ കൃഷ്ണ (26), നിഖിൽ കൃഷ്ണൻ എച്ച് (21) എന്നിവർ മക്കളാണ്. റഫ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (ട്രിവ) പ്രസിഡൻ്റും ഒ.ഐ.സി.സി പ്രവർത്തകനുമായ നാസർ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ വേഗത്തിലാക്കി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയത്.


