റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ ബത്ഹയില്‍ ഹൃദയാഘാതം മൂലം മരിച്ച കായംകുളം മുഹിയുദ്ദീന്‍ പള്ളിക്ക് കിഴക്ക് തോപ്പില്‍ പരേതനായ അബ്ദുല്‍ ഖാദിര്‍, ജമീല ദമ്പതികളുടെ മകന്‍ ഷാജഹാെന്റ (52) മൃതദേഹം റിയാദ് നസീം മഖ്ബറയില്‍ ഖബറടക്കി.
ശുമൈസി മോര്‍ച്ചറിയില്‍ നിന്ന് സുഹൃത്തുക്കളും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി, എക്‌സിറ്റ് 15ലെ അല്‍രാജ്ഹി മസ്ജിദില്‍ എത്തിച്ച് മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു.  

ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് ജനത, ഷിബു ഉസ്മാന്‍, സലിം ഇഞ്ചക്കല്‍, കായംകുളം പ്രവാസികൂട്ടായ്മ ഗ്ലോബല്‍ വിങ് ചെയര്‍മാന്‍ അഷ്റഫ് കുറ്റിയില്‍, മജ്‌ലിസ് പ്രതിനിധി സലിം സഖാഫി, കൃപ ഭാരവാഹികള്‍ എന്നിവര്‍ കബറടക്ക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 24 വര്‍ഷമായി ബത്ഹ കേരള മാര്‍ക്കറ്റില്‍ പാരഗണ്‍ റസ്റ്റോറന്റിനോട് ചേര്‍ന്നുള്ള ബ്ലാങ്കറ്റ് കടയില്‍ സെയില്‍സ്മാനായിരുന്ന ഷാജഹാന്‍ ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. വൈകീേട്ടാടെ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് വൈകാതെ മരണം സംഭവിച്ചു. ഭാര്യ: സുല്‍ഫത്ത്. മക്കള്‍: ഷാലിമ, ഷാഹില്‍, ഷാജഹാന്‍. ഒരു വര്‍ഷം മുമ്പാണ് ഷാജഹാന്‍ അവസാനമായി നാട്ടില്‍ പോയി വന്നത്.