റിയാദിലെ അസീസിയ്യയില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയായിരുന്ന സുരേഷ് ബാബു 2021 ജൂണ്‍ 26 നാണ് റിയാദില്‍ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിക്കുന്നത്. അതിനും ഏതാനും ആഴ്ച മുമ്പ് താമസസ്ഥലത്ത് ഒരു സംഘം കയറി സുരേഷ് ബാബുവിനെ ആക്രമിച്ചിരുന്നതായി പറയുന്നു.

റിയാദ്: റിയാദില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലില്‍ ഒരു വര്‍ഷത്തിന് ശേഷം നാട്ടിലെത്തിച്ചു. മലപ്പുറം നിലമ്പൂര്‍ ചാരങ്കാവ് സ്വദേശി സുരേഷ് ബാബുവിന്റെ (43) മൃതദേഹം ഒരു വര്‍ഷമായി റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

റിയാദിലെ അസീസിയ്യയില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയായിരുന്ന സുരേഷ് ബാബു 2021 ജൂണ്‍ 26 നാണ് റിയാദില്‍ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിക്കുന്നത്. അതിനും ഏതാനും ആഴ്ച മുമ്പ് താമസസ്ഥലത്ത് ഒരു സംഘം കയറി സുരേഷ് ബാബുവിനെ ആക്രമിച്ചിരുന്നതായി പറയുന്നു. മര്‍ദ്ദനമേറ്റ സുരേഷ് ബാബുവിന്റെ ദിവസങ്ങള്‍ക്കുള്ളിലുള്ള മരണം ചില സംശയങ്ങള്‍ അവശേഷിപ്പിച്ചതിനാല്‍ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ വിശദമായ അന്വേഷണം നടത്തി. ഇതിനിടയില്‍ ഇന്ത്യന്‍ എംബസിയും റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍കുട്ടിയും ചേര്‍ന്ന് മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി ലഭിച്ചില്ല. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുള്ളതിനാല്‍ പബ്ലിക് പ്രോസിക്യൂഷന്‍, ഗവര്‍ണറേറ്റ് ഉള്‍പ്പടെ ഉന്നത തലങ്ങളിലേക്ക് ഫയലുകള്‍ നീങ്ങുകയായിരുന്നെന്നും അതുകൊണ്ട് തന്നെ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയതെന്നും തെന്നല മൊയ്തീന്‍ കുട്ടി പറഞ്ഞു.

യൂസഫലി വാക്ക് പാലിച്ചു; സൗദ്ദിയിൽ മരിച്ച ബാബുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

നാട്ടില്‍ നിന്ന് സുരേഷ് ബാബുവിന്റെ കുടുംബത്തിന്റെ സമ്മത പത്രം ഉള്‍പ്പടെ എല്ലാ രേഖകളും തയാറാക്കി കാത്തിരിക്കുകയായിരുന്നു. വിവിധ സൗദി വകുപ്പുകള്‍ വഴി ഇന്ത്യന്‍ എംബസിയും സുരേഷ് ബാബുവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ നിരന്തരം ശ്രമം തുടര്‍ന്നുവന്നു. ഒടുവില്‍ ഇക്കഴിഞ്ഞദിവസം നാട്ടില്‍ കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചു. ഉടനെ മൃതദേഹം ഏറ്റുവാങ്ങി എംബാം ചെയ്യുന്നതിനും കാര്‍ഗോ അയക്കുന്നതിനും വേണ്ട നടപടികള്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ മൊയ്തീന്‍ കുട്ടി നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.