ജനുവരി 22-നാണ് മുഹമ്മദലി താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ചത്. മുഹമ്മദലിയെ കുത്തിയ ശേഷം സ്വയം കുത്തി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതി, ചെന്നൈ സ്വദേശി മഹേഷ് (45) ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ച മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയുടെ (58) മൃതദേഹം ഖബറടക്കി. ബന്ധുക്കളും സുഹൃത്തുക്കളും കമ്പനി അധികൃതരുമുൾപ്പടെ നിരവധി പേരുടെ സാന്നിധ്യത്തിലാണ് ഖബറടക്കം നടന്നത്. ഉച്ചയോടു കൂടി ജുബൈലിലെ പള്ളിയിൽ മയ്യിത്ത് നിസ്കാരം നിർവഹിച്ച ശേഷം അറീഫി ഏരിയയിലെ മഖ്ബറയിലേക്ക് കൊണ്ടുപോയി അടക്കം ചെയ്യുകയായിരുന്നു.
ജനുവരി 22-നാണ് മുഹമ്മദലി താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ചത്. മുഹമ്മദലിയെ കുത്തിയ ശേഷം സ്വയം കുത്തി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതി, ചെന്നൈ സ്വദേശി മഹേഷ് (45) ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. നാട്ടിലും പ്രവാസി സമൂഹത്തിലും ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവത്തിൽ ഇപ്പോഴും മൊഴി രേഖപെടുത്തലും അന്വേഷണവും തുടരുകയാണ്.
സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ടെത്തിയ മഹേഷിനെ ജുബൈൽ ജനറൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നിലയിൽ മാറ്റം വന്നതോടെ മഹേഷിനെ സ്റ്റേഷനിലേക്ക് മാറ്റി. മുഹമ്മദലിയും മഹേഷും ‘ജെംസ്’ എന്ന കമ്പനിയിലെ ജീവനക്കാരാണ്. ഒരു മുറിയിൽ താമസിച്ചിരുന്ന ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി സഹപ്രവർത്തകർക്ക് അറിയില്ല.
ടിക്-ടോക് വഴി പരിചയപ്പെട്ട ‘ആയിഷ’ എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവർ തന്നിൽ നിന്നും പണം തട്ടിയെടുക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മനോവിഷമത്തിൽ കൃത്യം ചെയ്തുപോയതെന്നുമാണ് മഹേഷ് ആദ്യം പൊലീസിനോട് പറഞ്ഞത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞു റൂമിൽ ഉറങ്ങുകയായിരുന്ന മുഹമ്മദലിയെ മനോവിഭ്രാന്തിയിൽ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ വെളിപ്പെടുത്തൽ.
എന്നാൽ താൻ സ്വയം കുത്തി മരിക്കാൻ ശ്രമിക്കുന്നതിനിടെ ഇടപെട്ട മുഹമ്മദലിക്ക് കുത്തേൽക്കുകയായിരുന്നെന്ന് പിന്നീട് മൊഴി മാറ്റി. മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താൻ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും പിന്നീട് എന്താണുണ്ടായത് എന്ന് തനിക്ക് ഓർമയില്ലെന്നും മഹേഷ് പൊലീസിനോട് പറഞ്ഞു.
സ്റ്റേഷനിൽ സംഭവം എങ്ങനെയാണ് നടന്നതെന്ന് പൊലീസ് മഹേഷിനെ കൊണ്ട് പുനരാവിഷ്കരിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയെങ്കിലും റിമാൻഡ് നീട്ടി.
ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ദമ്മാം ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾ കഴിഞ്ഞ ആഴ്ച പൂർത്തിയാക്കിയിരുന്നു.
ഫോറൻസിക്ക് റിപ്പോർട്ട് കിട്ടിയതോടെ ഇന്ത്യൻ എംബസിയുടെ അനുവാദം വാങ്ങി ജുബൈലിൽ തന്നെ ഖബറടക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ ഉസ്മാൻ ഒട്ടുമ്മലിന്റെ പേരിൽ നാട്ടിൽനിന്നും അനുമതിപത്രം എത്തിച്ചാണ് നടപടികൾ വേഗത്തിലാക്കിയത്. ഹാജിറയാണ് മുഹമ്മദലിയുടെ ഭാര്യ. മക്കൾ: ഷംല, ഷാഹിദ, ഷൈമ, ഷഹ്ന. മരുമക്കൾ: മഹമൂദ് (ചീരട്ടാമാല), അഫ്സൽ (ചുണ്ടംപറ്റ), നൗഫൽ (കൊളത്തൂർ), ഫവാസ് (പുതുക്കുറിശ്ശി).
Read also: പ്രവാസി യുവാവിന്റെ മൃതദേഹം വേണ്ടെന്ന് വീട്ടുകാർ; ഖബറടക്കം നീണ്ടത് ആറുമാസം
