അപകടത്തിൽ മരിച്ച സാബിറ ഭർത്താവ് അബ്ദുൽ ഖാദറിനോടൊപ്പം ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് ദോഹയിൽ സന്ദർശന വിസയിലെത്തിയത്. ഭർത്താവിനും മകൾക്കും മരുമകനും പേരക്കുട്ടികൾക്കുമൊപ്പം വ്യാഴാഴ്ചയായിരുന്നു ഉംറക്കായി പുറപ്പെട്ടത്.

റിയാദ്: ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് വെള്ളിയാഴ്ച ത്വാഇഫിൽ മരിച്ച പാലക്കാട് പത്തിരിപ്പാല സ്വദേശിനിയായ സാബിറ (53), ചെറുമക്കളായ അഭിയാൻ (ഏഴ്), അഹിയാൻ (നാല്) എന്നിവർക്ക്‌ കണ്ണീരോടെ വിട. ത്വാഇഫിലെ അബ്ദുല്ല ബിൻ അബ്ബാസ് മസ്‌ജിദിൽ ഞായറാഴ്ച വൈകുുന്നേരം അസർ നമസ്‌കാരത്തിന് ശേഷം ഇബ്രാഹീം അൽ ജഫാലീ മഖ്ബറയിൽ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ ഖബറടക്കി. നാട്ടിലെയും സൗദിയിലെയും ബന്ധുക്കളും മക്കയിലെയും മദീനയിലെയും സുഹൃത്തുക്കളും ത്വാഇഫിലെ പ്രവാസികളും ഉൾകൊള്ളുന്ന വമ്പിച്ച ജനാവലിയാണ് മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തത്.

കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളായ കെ.എം.സി.സി ത്വാഇഫ് ഘടകം പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സ്വാലിഹ്, നവോദയ ത്വാഇഫ് യൂനിറ്റ് ഭാരവാഹി ഷാജി പന്തളം എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടികൾ പൂർത്തിയാക്കിയത്. ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബസമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റർ ബാക്കി നിൽക്കെ അതീഫിലാണ് കാർ മറിഞ്ഞ് അപകടമുണ്ടായത്.

നിരവധി വർഷങ്ങൾ മക്കയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഫൈസൽ രണ്ടു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. അപകടത്തിൽ മരിച്ച സാബിറ ഭർത്താവ് അബ്ദുൽ ഖാദറിനോടൊപ്പം ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് ദോഹയിൽ സന്ദർശന വിസയിലെത്തിയത്. ഭർത്താവിനും മകൾക്കും മരുമകനും പേരക്കുട്ടികൾക്കുമൊപ്പം വ്യാഴാഴ്ചയായിരുന്നു ഉംറക്കായി പുറപ്പെട്ടത്. ദോഹയിൽ നിന്ന് അബൂ സംറ അതിർത്തി കടന്ന് റോഡ് മാർഗം സൗദിയിൽ പ്രവേശിച്ച ഇവരുടെ കാർ വെള്ളിയാഴ്ച പുലർച്ചയോടെ ത്വാഇഫിന് സമീപം നിയന്ത്രം വിട്ട് മറിഞ്ഞായിരുന്നു അപകടം. 

ഹയാ സന്ദർശന വിസയിലായിരുന്നു അബ്ദുൽ ഖാദറും സാബിറയും ഖത്തറിലെത്തിയത്. ഒരാഴ്ച മുമ്പ് വല്യുപ്പയും വല്യുമ്മയും എത്തിയതിന്റെ കളിചിരി ആഘോഷങ്ങൾക്കിടയിലുണ്ടായ ദുരന്തം കുടുംബത്തിലും നാട്ടുകാരിലും സൗദിയിലെയും ഖത്തറിലെയും പ്രവാസി സമൂഹത്തിലും ഏറെ നോവുണർത്തി.

Read also: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു